ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയ്യേറ്റം ചെയ്തു; യുവാവ് അറസ്റ്റിൽ
Saturday, September 6, 2025 6:24 AM IST
ഒറ്റപ്പാലം: ഡോക്ടറെയും ആശുപത്രി സുരക്ഷാ ജീവനക്കാരനെയും കൈയ്യേറ്റം ചെയ്ത പ്രതി പിടിയിൽ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും ആക്രമിച്ച മുട്ടിപ്പാലം സ്വദേശി ഗോപകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അത്യാഹിത വിഭാഗത്തിലെ ഡോക്ടർ ഉമ്മറിന്റെ ഷർട്ട് വലിച്ചു കീറുകയും സുരക്ഷാ ജീവനക്കാരൻ ജ്യോതിഷിനെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പ്രതി മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.
ഭാര്യ പടിയിൽ നിന്ന് വീണ് കാലിന് പരിക്കുപറ്റിയെന്ന് പറഞ്ഞാണ് ഇരുവരും ആശുപത്രിയിലെത്തുന്നത്. ഓപി ടിക്കറ്റ് രജിസ്ട്രേഷന് എത്തിയപ്പോൾ ക്യൂആർ കോഡ് സ്കാൻ ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയെ അസഭ്യം പറഞ്ഞു.
തുടർന്ന് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു. ശരീരത്തിലെ പാടുകൾ ശ്രദ്ധയിൽപെട്ടതോടെ എന്തു പറ്റിയെന്ന് ഡോക്ടർ കൂടെയുണ്ടായിരുന്ന ഗോപകുമാറിനോട് ചോദിച്ചു. ഇതോടെ ഡോക്ടറോടും ഇയാൾ ക്ഷുഭിതനായി.
തട്ടിക്കയറിയ ശേഷം ഡോക്ടറുടെ ഷർട്ട് വലിച്ചു കീറുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാരൻ ജ്യോതിഷിന് പരിക്കേറ്റത്.