മുൻവൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി
Saturday, September 6, 2025 9:23 AM IST
കൊല്ലം: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയിൽ കൊട്ടാരക്കര പുത്തൂരിലുണ്ടായ സംഭവത്തിൽ കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്. കേസിൽ ധനേഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകുന്നേരം ഇവര്‍ തമ്മിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരും സമീപത്തുള്ളവരും ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. എന്നാൽ പിന്നീടും ഇവർ തമ്മിൽ വഴക്കുണ്ടാവുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.
ശ്യാം സുന്ദറിന്റെ കഴുത്തിലാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ നാലു വർഷമായി ശ്യാമിന്റെ ഭാര്യയും കുട്ടിയും ധനേഷിന് ഒപ്പമാണ് താമസിക്കുന്നത്. വെള്ളിയാഴ്ച ഭാര്യയുടെ ഓഹരി നൽകണം എന്നാവശ്യപ്പെട്ട് ശ്യാമിന്റെ വീട്ടിലെത്തി ധനേഷ് വഴക്കുണ്ടാക്കിയിരുന്നു.
ഇതിനുശേഷം തിരികെപ്പോയ ധനേഷ് അർധരാത്രി വീണ്ടുമെത്തി ശ്യാമിനെ കൊലപ്പെടുത്തുകയായിരുന്നു. ശ്യം സുന്ദറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.