അദാനി കമ്പനിക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ വിലക്ക്
Sunday, September 7, 2025 3:40 AM IST
ന്യൂഡൽഹി: അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എഇഎൽ) സ്ഥിരീകരിക്കാത്തതും അപകീർത്തികരമായതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്. ലേഖനങ്ങളിൽനിന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽനിന്നും ഇവ നീക്കം ചെയ്യണമെന്ന് ഡൽഹി ജില്ലാ കോടതി ഉത്തരവിട്ടു.
പരഞ്ജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, ആയസ്കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗൺ ഫൗണ്ടേഷൻ, ഡ്രീംസ്കേപ്പ് നെറ്റ്വർക്ക് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ൻ ഡയറക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് ഒക്ടോബർ ഒൻപതിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പ്രശസ്തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും പ്രതികൾ ലക്ഷ്യമിടുന്നുവെന്നാണ് കമ്പനി ആരോപിച്ചത്.
അടുത്ത വാദം കേൾക്കുന്നതുവരെ കമ്പനിയുടെ പ്രശസ്തി കളങ്കപ്പെടുത്തുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്. പ്രതികളോട് അഞ്ച് ദിവസത്തിനുള്ളിൽ എല്ലാ ലേഖനങ്ങളിലെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലെയും അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം 36 മണിക്കൂറിനുള്ളിൽ ഇവ നീക്കാനോ മറച്ചുവയ്ക്കാനോ ഗൂഗിൾ, യൂട്യൂബ്, എക്സ് തുടങ്ങിയ കമ്പനികൾക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.