ഡയഫ്രം അടിച്ച് പൊട്ടിച്ചു, മുളക് സ്പ്രേ അടിച്ചു; പോലീസ് ക്രൂരത വെളിപ്പെടുത്തി എസ്എഫ്ഐ നേതാവ്
Sunday, September 7, 2025 9:24 AM IST
പത്തനംതിട്ട: പോലീസിന്റെ ക്രൂരമര്‍ദനത്തെക്കുറിച്ച് വെളിപ്പെടുത്തി എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന ജയകൃഷ്ണന് തണ്ണിത്തോട്.
14 വര്‍ഷം മുമ്പ് നേരിട്ട ക്രൂരപീഡനമാണ് ജയകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചത്. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ കോന്നി സിഐ മധുബാബു തന്നെ ലോക്കപ്പ് മര്‍ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കിയെന്നും ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചെന്നും, കണ്ണിലും ദേഹത്തും മുളക് സ്പ്രേ അടിച്ചെന്നും കുറിപ്പില്‍ പറയുന്നു.
മര്‍ദനവും മൂന്നാം മുറയും കാടത്തവും കൊണ്ടുനടക്കുന്ന പോലീസ് ഓഫീസര്‍മാര്‍ ഇപ്പോഴും കേരള പോലീസ് സേനയിലെ തലപ്പത്ത് മാന്യന്മാര് ചമഞ്ഞ് നടക്കുന്നു. അന്നത്തെ മര്‍ദ്ദനത്തെക്കുറിച്ച് പറഞ്ഞാല്‍ 10 പേജില്‍ അധികം വരും. ആറു മാസം ഞാന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. അന്നത്തെ പത്തനംതിട്ട എസ്പി ഹരിശങ്കര്‍ ഇന്നത്തെ ഐജി മാതൃകാപരമായി കേസ് അനേഷിച്ചു കുറ്റക്കാരനായ മധുബാബുവിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് ശിപാര്‍ശ ചെയ്തു.
എന്നാല്‍ മധു ബാബു ഇന്നും പോലീസ് സേനയില്‍ ശക്തമായി തന്നെ തുടര്‍ന്നു പോകുന്നു. ഇനി പരാതി പറയാന്‍ ആളില്ല.. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാത്തത്, ആരാണ് ഇതിന്റെ പിന്നില്‍ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്.
പോലീസ് ക്രിമിനല്‍സിനെതിരായ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇനി ഹൈക്കോടതിയില്‍ കേസ് നടത്താനുള്ള തയാറെടുപ്പിലാണ്. മരണം വരെയും പോരാടും. ജയകൃഷ്ണന് തണ്ണിത്തോട് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം