സമാധാനദൗത്യങ്ങൾ വെട്ടിച്ചുരുക്കി ഐക്യരാഷ്ട്ര സംഘടന
Friday, October 10, 2025 4:02 AM IST
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൗത്യങ്ങൾ 25 ശതമാനം വെട്ടിച്ചുരുക്കുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്കുള്ള യുഎസ് ധനസഹായം വെട്ടിക്കുറച്ചതിനെതുടർന്നാണ് നടപടി. യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റതോടെയാണ് ധനസഹായം വെട്ടിക്കുറച്ചത്.
കഴിഞ്ഞവർഷം യുഎസ് 100 കോടി ഡോളർ അനുവദിച്ചത് ഇത്തവണ 68 കോടിയായി കുറച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഐക്യരാഷ്ട്ര സംഘടനയിലെ യുഎസ് അംബാസഡർ മൈക്ക് വോൾട്സ് എന്നിവർ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നു. 540 കോടി ഡോളറിന്റെ ബജറ്റിൽ 15 ശതമാനം വെട്ടിക്കുറയ്ക്കാനാണ് യുഎൻ തയാറെടുക്കുന്നത്.
ഇതേതുടർന്ന് ഒൻപത് ദൗത്യങ്ങളിലായി വിന്യസിച്ചിരിക്കുന്ന അരലക്ഷത്തിലേറെ സമാധാന സേനാംഗങ്ങളിൽ 14,000 പേരെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചുവിടും. ലബനൻ, കോംഗോ തുടങ്ങി യുഎസ് പ്രത്യേക താൽപ്പര്യം കാണിച്ച സമാധാനദൗത്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനത്തെ ഇതു ബാധിക്കും. യുഎന്നിന് ചൈന നൽകുന്ന വിഹിതം പൂർണമായി വാർഷാവസാനത്തോടെ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് യുഎൻ ഉദ്യോഗസ്ഥൻ അറിയിച്ചു.