നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി യുഎസ്
Friday, October 10, 2025 6:07 AM IST
വാഷിംഗ്ടൺ ഡിസി: വിദേശകാര്യ സർവീസിലെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി യുഎസ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള ചൈനീസ് വനിതയെ പ്രണയിച്ചതിനാണ് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിഷയം പരിശോധിച്ച ശേഷമാണ് നടപടി.
ഉദ്യോഗസ്ഥന്റെ പേര് യുഎസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇരുവരുടെയും വീഡിയോ ദൃശ്യങ്ങൾ ഓൺലൈൻ ചാനലിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ചൈനയിലുള്ള യുഎസ് ഉദ്യോഗസ്ഥരോ കുടുംബാംഗങ്ങളോ ചൈനീസ് പൗരന്മാരെ പ്രണയിക്കുകയോ ശാരീരിക ബന്ധത്തിൽ എർപ്പെടുകയോ ചെയ്താൽ പുറത്താക്കുമെന്ന് ജോ ബൈഡൻ പ്രസിഡന്റ് ആയിരിക്കെ 2024 ൽ നിയമം കൊണ്ടുവന്നിരുന്നു.
ഈ നിയമം പ്രാബല്യത്തില്‍ വന്നശേഷമുള്ള ആദ്യ പുറത്താക്കലാണിത്. വിഷയം യുഎസിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് വക്താവ് പ്രതികരിച്ചു.