മൂന്ന് കഫ് സിറപ്പുകൾ തിരിച്ചുവിളിച്ചതായും ഉത്പാദനം നിർത്തിയതായും സിഡിഎസ്സിഒ
Friday, October 10, 2025 6:55 AM IST
ന്യൂഡൽഹി: മൂന്ന് കഫ് സിറപ്പുകൾ തിരിച്ചുവിളിച്ചതായും അവയുടെ ഉത്പാദനം നിർത്തിയതായും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. കോൾഡ്രിഫ്, റെസ്പിഫ്രഷ് ടിആർ, റീലൈഫ് എന്നീ കഫ് സിറപ്പുകൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ ഉത്പന്നങ്ങളൊന്നും ഇന്ത്യയിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി.
മരണത്തിന്റെ ഉറവിടം കണ്ടെത്താനും സിറപ്പിനെ അപകടകാരിയാക്കിയ അസംസ്കൃത വസ്തുക്കളോ ഉത്പന്നമോ വേഗത്തിൽ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ലോകാരോഗ്യ സംഘടന ഇന്ത്യൻ അധികാരികളോട് ആവശ്യപ്പെട്ടു.
മധ്യപ്രദേശിൽനിന്നും രാജസ്ഥാനിൽ നിന്നുമുള്ള മാധ്യമ റിപ്പോർട്ടുകളിൽ കുട്ടികളുടെ മരണനിരക്കും അക്യൂട്ട് വൃക്കസംബന്ധമായ പരാജയം, അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന രോഗങ്ങളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന ഇന്ത്യൻ അധികാരികളെ സമീപിച്ചിരുന്നു.