ആശ വർക്കറുടെ വീടിന് തീപിടിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരെ കേസെടുത്തു
Friday, October 10, 2025 7:10 AM IST
പത്തനംതിട്ട: കീഴ്വായ്പൂരിൽ ആശ വർക്കറുടെ വീടിന് തീപിടിച്ച സംഭവത്തിൽ സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിൽ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് ആശാവര്‍ക്കറായ ലതയുടെ വീടിന് തീപിടിച്ചത്.
സംഭവത്തിൽ ലതയ്ക്ക് പൊള്ളലേൽക്കുകയും ചെയ്തു. സമീപത്ത് പോലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുമയ്യ ലതയുടെ വീട്ടിൽ അതിക്രമിച്ച് കയറി തീയിട്ടെന്നാണ് പരാതി. സ്വർണാഭരണങ്ങൾ ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തിലാണ് വീടിന് തീയിട്ടതെന്നാണ് ലത ആരോപിക്കുന്നത്.
തന്നെ കെട്ടിയിട്ട ശേഷം ആഭരണങ്ങൾ കൈക്കലാക്കിയെന്നും ലത പറയുന്നു. എന്നാൽ ലതയുടെ പരാതി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിനായി ലതയുടെ വീടും സുമയ്യ താമസിക്കുന്ന സ്ഥലവും പോലീസ് സീൽ ചെയ്തു.