താമരശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; താലൂക്ക് ആശുപത്രിയിൽ ഇന്നും സമരം തുടരും
Friday, October 10, 2025 7:29 AM IST
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യ പ്രവർത്തകർ ഇന്നും പണിമുടക്കും. അത്യാഹിത വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല.
കാഷ്വാലിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രം ചികിത്സ നൽകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംഒഎ സമരം നടത്തുന്നത്. ആശുപത്രിയിൽ എത്രയും വേഗം പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു.
എന്നാൽ കോഴിക്കോട് ജില്ലയിലെ മറ്റ് ആശുപത്രികളിൽ സമരം ഉണ്ടായിരിക്കുന്നതല്ല. അതേസമയം, ഡോക്ടറെ വെട്ടിപരിക്കേൽപ്പിച്ച പ്രതി സനൂപിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും. അക്രമവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് പോലീസിന്റെ ആവശ്യം.