ഐടി ജീവനക്കാരനെ മർദിച്ച കേസ്: ലക്ഷ്മി ആർ. മേനോന് മുൻകൂർ ജാമ്യം
Friday, October 10, 2025 7:49 AM IST
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്ന കേസിൽ മൂന്നാം പ്രതിയായ നടി ലക്ഷ്മി ആർ. മേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികൾ അറിയിച്ചതിനെതുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് മുൻകൂർ ജാമ്യം അനുവദിച്ചത്.
ഓഗസ്റ്റ് 24ന് രാത്രി പബ്ബിൽവച്ച് പരാതിക്കാരനും സുഹൃത്തുക്കളും നടിയെയും കൂട്ടുകാരിയെയും അവഹേളിച്ചെന്ന് ആരോപിച്ച് കാറിൽ പിൻതുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ ലക്ഷ്മിയുടെ സുഹൃത്തുക്കൾ പരാതിക്കാരനെ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്.
ആരോപിക്കുന്ന കുറ്റകൃത്യം ഗുരുതരമാണെങ്കിലും ഇരുകൂട്ടരുടെയും സത്യവാങ്മൂലം കണക്കിലെടുത്ത് ഹർജിക്കാരിക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയാണെന്ന് കോടതി പറഞ്ഞു. നടിയുടെ അറസ്റ്റ് കോടതി നേരത്തേ താത്കാലികമായി വിലക്കിയിരുന്നു.