നോയിഡയിൽ ധാബാ തൊഴിലാളിയെ മർദിച്ച് കൊന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ
Friday, October 10, 2025 4:09 PM IST
ന്യൂഡൽഹി: നോയിഡയിൽ ധാബാ തൊഴിലാളിയെ മർദിച്ച് കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കൗശൽ മിത്ര എന്നയാളാണ് അറസ്റ്റിലായത്.
ഒക്ടോബർ മൂന്ന് രാത്രിയാണ് സംഭവമുണ്ടായത്. ഗോർ സിറ്റിയിൽ പ്രവർത്തിക്കുന്ന ധാബയിലെ തൊഴിലാളി നീതു കശ്യപാണ് മർദനമേറ്റ് മരിച്ചത്.
ഗോർ സിറ്റിയിൽ പ്രവർത്തിക്കുന്ന ഗൊപാൽ ജി ധാബയിൽ എത്തിയ കൗശൽ മിത്രയും സുഹൃത്തുകളും ഭക്ഷണം പാഴ്സൽ ആയി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ കശ്യപ് അത് നിരസിച്ചു. വൈകിയതിനാൽ ഭക്ഷണം നൽകാനാകില്ല എന്നാണ് കശ്യപ് പറഞ്ഞത്.
തുടർന്ന് തർക്കമുണ്ടാവുകയും ആക്രമാസക്തരായ പ്രതികൾ കശ്യപിനെ മർദിക്കുകയും ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ കശ്യപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ ഒരു സുഹൃത്ത് നേരത്തെ പിടിയിലായിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ട്.