സംസ്ഥാനം നേരിടുന്ന ഗൗരവ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി
Friday, October 10, 2025 6:16 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണാറായി വിജയൻ. സംസ്ഥാനം നേരിടുന്ന ഗൗരവ വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഏറ്റവും പ്രധാനമായി ഉന്നയിച്ചത്, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് 2,221.03 കോടി രൂപ ഗ്രാന്റായി അനുവദിക്കണമെന്ന ആവശ്യമാണ്. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനുമായുള്ള ഗ്രാന്റായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കൂടാതെ, കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണയും തേടി.
ഐജിഎസ്ടി. (IGST) റിക്കവറി തുക തിരികെ നൽകുന്ന വിഷയം, ദേശീയപാത ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നൽകേണ്ടത്, കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകേണ്ടതിന്റെ പ്രാധാന്യം, സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ (SPA) സ്ഥാപിക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളും ചർച്ചയായി.