പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു
Friday, October 10, 2025 8:47 PM IST
തൃശൂർ: പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. നാല് ആനകളാണ് പറമ്പുകളില്‍ എത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കൊട്ടിശേരി സണ്ണിയുടെ പറമ്പിലെ 200 ഓളം വാഴകളും വിളവെടുക്കാറായ 500 ഓളം മുളക് തൈകളും റബര്‍ മരങ്ങളും ആനകള്‍ നശിപ്പിച്ചു. മന്ത്രിക്കുത്ത് ഹനീഫ, എടത്തിനാല്‍ മാണി, കൈതിക്കല്‍ തോമസ്, നീണ്ടുതലിക്കല്‍ ജസ്റ്റില് എന്നിവരുടെ പറമ്പുകളിലും ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു.
പറമ്പുകളുടെ വേലിയും ആനകള്‍ തകര്‍ത്ത നിലയിലാണ്. ആനകള്‍ കൃഷി നശിപ്പിക്കുന്നത് കണ്ട കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തിയാണ് ഇവയെ കാടുകയറ്റിയത്.
ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ച സണ്ണിയുടെ പറമ്പില്‍ നാലാം തവണയാണ് ആനകള്‍ എത്തുന്നത്. മുന്‍പ് കൃഷി നശിപ്പിച്ചതിന്റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും കര്ഷകന് പറയുന്നു.