വനിതാ ലോകകപ്പ്; ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് ഗംഭീര ജയം
Friday, October 10, 2025 10:03 PM IST
ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ ന്യൂസിലൻഡിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 100 റൺസിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 127 റൺസിൽ ഓൾഔട്ടായി. 34 റൺസെടുത്ത ഫഹിമ ഖാതുനാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. റബേയ ഖാൻ 25 റൺസെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ലിയ ടഹുഹുവും ജെസ് കെറും മൂന്ന് വിക്കറ്റ് വീതമെടുത്തു. റോസ്മേരി മെയർ രണ്ട് വിക്കറ്റ് വീതവും അമേലിയ കെറും എഡെൻ കാർസനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 227 റൺസെടുത്തത്. ക്യാപ്റ്റൻ സോഫി ഡിവൈനിന്റെയും ബ്രൂക്ക് ഹാലിഡേയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലേക്ക് ന്യൂസിലൻഡ് എത്തിയത്.
69 റൺസെടുത്ത ബ്രൂക്ക് ഹാലിഡേയാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഹാലിഡേയുടെ ഇന്നിംഗ്സ്.
സോഫി ഡിവൈൻ 63 റൺസാണ് എടുത്തത്. സുസി ബെയ്റ്റ്സ് 29 റൺസാണ് സ്കോർ ചെയ്തത്. ബംഗ്ലാദേശിന് വേണ്ടി റബേയ ഖാൻ മൂന്ന് വിക്കറ്റ് എടുത്തു. മറൂഫ അക്തർ, നഹിത അക്തർ, നിഷിത അക്തർ, ഫഹിമ ഖതൂൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
വിജയത്തോടെ ന്യൂസിൻഡിന് രണ്ട് പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ന്യൂസിലൻഡ്.