ആക്രമിച്ച് ശ്രദ്ധ തിരിക്കാമെന്ന് സർക്കാർ കരുതേണ്ട; രൂക്ഷ വിമർശനവുമായി വി.ഡി.സതീശൻ
Saturday, October 11, 2025 12:30 AM IST
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ചത് സിപിഎം ക്രിമിനലുകളും സിപിഎമ്മിന് വേണ്ടി ഗുണ്ട പണിയെടുക്കുന്ന പോലീസും ചേർന്നാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വലിയ പരാജയമാണ് സർക്കാരിനെ കാത്തിരിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
കോഴിക്കോട് പേരാന്പ്രയിൽ യുഡിഎഫ്-സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ നടന്ന പോലീസ് ലാത്തിചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സ്വർണകവർച്ചയും സ്വർണകടത്തും ഖജനാവ് കൊള്ളയടിക്കലുമാണ് ഭരണമെന്ന് കരുതുന്ന സർക്കാരിന്റെ അവസാനമാണിതെന്ന് മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.
സിപിഎമ്മിന് വേണ്ടി ലാത്തിയെടുത്ത പോലീസിലെ ക്രിമിനലുകൾ ശമ്പളം വാങ്ങുന്നത് എകെജി സെന്ററിൽ നിന്നല്ലെന്നത് ഓർക്കണം. സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ പരാജയം ഒരു തുടക്കം മാത്രമാണെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.
ഷാഫി പറമ്പിലിനെയും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ച് ശബരിമലയിലെ സ്വർണ കൊള്ളയിൽ നിന്നും ശ്രദ്ധ തിരിക്കാമെന്ന് സർക്കാർ കരുതേണ്ടെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.