പട്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
Saturday, October 11, 2025 1:27 AM IST
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. നെയ്യാറ്റിൻകര ആറാംമൂട് അഴുകറത്തല സ്വദേശി അബു താഹിർ (26) ആണ് പിടിയിലായത്.
ജൂലൈ 27ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പട്ടം പ്ലാമൂട്ടിലെ സ്വകാര്യ ട്രെയിനിംഗ് അക്കാഡമിയിലേക്ക് പോകുന്നതിനായി കിഴക്കേകോട്ടയിൽ ബസ് കാത്തു നിന്ന പെൺകുട്ടിയെ ഓട്ടോയിൽ പ്ലാമൂട് എത്തിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പ്രതി അതിക്രമം നടത്തിയത്.
യാത്രാമധ്യേ പെൺകുട്ടിയെ ഒരു ഇടവഴിയിലെത്തിച്ച് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പ്രതി അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. കൗൺസിലിംഗിനിടെ കുട്ടി ഇക്കാര്യം അധ്യാപികയെ അറിയിക്കുകയായിരുന്നു.
തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ അറിയിച്ചതിനെ തുടർ ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.