യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിനു സ്ഫോടക വസ്തുക്കളുണ്ടാക്കുന്ന പ്ലാന്റിൽ സ്ഫോടനം; നിരവധിപ്പേർ മരിച്ചു
Saturday, October 11, 2025 4:11 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിനും യുഎസ് വ്യാവസായിക വിപണികൾക്കും വേണ്ടി വിവിധ സ്ഫോടക വസ്തുക്കളും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കുന്ന പ്ലാന്റിൽ വൻ സ്ഫോടനം. നിരവധിപ്പേർ മരിക്കുകയും ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്.
ടെന്നസിയിലെ ഹിക്ക്മാൻ കൗണ്ടിയിലെ അക്യുറേറ്റ് എനർജറ്റിക് സിസ്റ്റത്തിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരുടെയും കാണാതായവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
പ്ലാന്റിന് സമീപപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിവാക്കി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഫോടനസ്ഥലത്ത് തകർന്ന കെട്ടിടാവശിഷ്ടങ്ങളും കത്തിനശിച്ചതും തകർന്നതുമായ വാഹനങ്ങളും ചിതറിക്കിടക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് പ്ലാന്റ് അധികൃതരുടെ പ്രതികരണമുണ്ടായിട്ടില്ല.