യുക്രെയ്ന്റെ ഊർജ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ ആക്രമണം; സഖ്യകക്ഷികളോട് പിന്തുണ തേടി സെലൻസ്കി
Saturday, October 11, 2025 6:12 AM IST
കീവ്: യുക്രെയ്ന്റെ ഊർജ കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തി റഷ്യ. ഡ്രോണുകളും മിസൈലുകളും പതിച്ചതോടെ തലസ്ഥാനമായ കീവിന്റെ വലിയൊരു ഭാഗം ഇരുട്ടിലായി. വൈദ്യുതിയും വെള്ളവും മുടങ്ങി. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണിതെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു.
ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന മെട്രോയുടെ പ്രവർത്തനം നിലച്ചു. ശൈത്യകാലം അടുത്തതോടെ ഊർജ സംവിധാനത്തെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണത്തിൽ ഒൻപത് മേഖലകളിൽ വൈദ്യുതി തടസപ്പെട്ടു. രാജ്യത്തുടനീളം 8,54,000 ഉപഭോക്താക്കൾക്കാണ് വൈദ്യുതി നഷ്ടപ്പെട്ടത്.
സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ഊർജ സംവിധാനവും നശിപ്പിക്കുകയാണ് റഷ്യ ചെയ്യുന്നതെന്ന് പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു. സഖ്യകക്ഷികളോട് അദ്ദേഹം കൂടുതൽ പിന്തുണ അഭ്യർഥിച്ചു.
വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുന്നതിലും ഉപരോധങ്ങൾ നടപ്പിലാക്കുന്നതിലും ശക്തമായ നടപടിയെടുക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. റഷ്യൻ ആക്രമണത്തിൽ 465 ഡ്രോണുകളിൽ 405 എണ്ണവും 32 മിസൈലുകളിൽ 15 എണ്ണവും തകർത്തതായി യുക്രെയ്ന് വ്യോമസേന അറിയിച്ചു.