അഫ്ഗാൻ മന്ത്രിയുടെ വാർത്താസമ്മേളന വിവാദം; ഒരു പങ്കുമില്ലെന്ന് കേന്ദ്രം
Saturday, October 11, 2025 12:09 PM IST
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് വിദേശകാര്യമന്ത്രി അമിര്‍ ഖാന് മുത്തഖിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
അമീര്‍ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് ഒരു പങ്കുമില്ല. പരിപാടി സംഘടിപ്പിച്ചത് ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന് എംബസിയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ നിന്നും വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.
അതേസമയം, അഫ്ഗാന് മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വനിതകളെ വിലക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി രംഗത്തെത്തി.
നടപടി ഇന്ത്യയിലെ വനിതകളെ അപമാനിക്കുന്നതിന് തുല്യമാണ്. താലിബാൻ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിത ജേര്‍ണലിസ്റ്റുകളുടെ അഭാവം പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനു വേണ്ടി മാത്രമാണോ പ്രധാനമന്ത്രി വനിതകളുടെ അവകാശങ്ങളെ വിലമതിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.