അഞ്ച് വർഷമായിട്ടും നഷ്ടപരിഹാരമില്ല; വനംവകുപ്പ് ഉദ്യോഗസ്ഥരെ പൊതുവേദിയിൽ ശാസിച്ച് മന്ത്രി പി. പ്രസാദ്
Saturday, October 11, 2025 12:47 PM IST
തിരുവനന്തപുരം: വനം വകുപ്പ് ഉദ്യോഗസ്ഥരെ പൊതുവേദിയിൽ ശാസിച്ച് കൃഷി മന്ത്രി പി. പ്രസാദ്. പന്നി കുത്തിയ കർഷകർക്ക് അഞ്ച് വർഷമായിട്ടും നഷ്ടപരിഹാരം നൽകാത്തതിനെയാണ് മന്ത്രി വിമർശിച്ചത്.
ഉദ്യോഗസ്ഥർ ചക്രവർത്തിമാരല്ലെന്നും സർക്കാർ ജീവനക്കാർ ജനങ്ങളുടെ നികുതി പണം ശമ്പളമായി വാങ്ങുന്നവരാണ് എന്ന ഓർമ വേണമെന്നും മന്ത്രി പറഞ്ഞു.
പിഎസ്സി എഴുതി ജോലി കിട്ടി എന്ന ഭാവം ഏതൊരു ഉദ്യോഗസ്ഥർക്കും വേണ്ട. ജനാധിപത്യമുള്ളത് കൊണ്ട് മാത്രമാണ് പിഎസ്സി ഉണ്ടായത്. പ്രശ്നങ്ങൾ പരിഹരിക്കാനായില്ല എന്ന് പറയാനല്ല ശമ്പളം കൃത്യമായി നൽകുന്നത്. ആരെയും പേടിക്കേണ്ട, കൃത്യമായി ശമ്പളം കിട്ടുമെന്ന ചിന്തയാണ് ഉദ്യോഗസ്ഥർക്ക് ഉള്ളത് എന്നും മന്ത്രി വിമർശിച്ചു.
അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാരം വൈകിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് വനം വകുപ്പ് മന്ത്രിയോട് നിർദേശം നൽകിയെന്ന് പ്രസാദ് വ്യക്തമാക്കി. നഷ്ടപരിഹാരത്തിനുള്ള ഫയലിൽ ഒപ്പിടാത്ത ഡോക്ടർക്കെതിരെയും നടപടി വരുമെന്നും മന്ത്രി അറിയിച്ചു.