ഭിന്നശേഷി നിയമന വിഷയം ഉടൻ പരിഹാരത്തിലേക്ക്
Saturday, October 11, 2025 4:33 PM IST
ചങ്ങനാശേരി: ഭിന്നശേഷി സംവരണ വിഷയത്തിൽ കുരുങ്ങിയ അധ്യാപന നിയമനത്തിലെ പ്രതിസന്ധിക്ക് ഉടൻ പരിഹാരമെന്നു സൂചന. ഇന്നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിലുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി കൂടിക്കാഴ്ച നടത്തിയതോടെ പ്രതിസന്ധി പരിഹാരത്തിനു വേഗമേറി.
തിങ്കളാഴ്ച ഈ വിഷയത്തിൽ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി, അഡ്വക്കറ്റ് ജനറൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങിയവരാണ് ഈ യോഗത്തിൽ സംബന്ധിക്കുന്നത്. ഈ യോഗത്തിൽ പ്രശ്നം പരിഹാരത്തിന് തീരുമാനം ഉണ്ടാകുമെന്നാണ് മന്ത്രിയുടെ പ്രതികരണം സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ യോഗത്തിൽ തീരുമാനമെടുത്ത് മാനേജ്മെന്റുകളെ അറിയിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി മാർ തോമസ് തറയിലിന് ഉറപ്പു നൽകിയത്. ഭിന്നശേഷി നിയമനം നടത്തിയില്ലെന്ന പേരു പറഞ്ഞ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനം സർക്കാർ ഇതുവരെ അംഗീകരിച്ചിരുന്നില്ല. പതിനാറായിരത്തോളം അധ്യാപകരാണ് നിയമനാംഗീകാരം ലഭിക്കാത്തതിനാൽ വർഷങ്ങളായി ശന്പളമില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും മറ്റ് അധ്യാപക സംഘടനകളുടെയും നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചകളിൽ ഈ വിഷയത്തിൽ കടുത്ത സമരങ്ങൾ നടന്നിരുന്നു. ദീപിക ഈ രംഗത്തെ വലിയ പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തതോടെയാണ് സർക്കാർ പ്രശ്ന പരിഹാരത്തിനു മുൻകൈയെടുത്തത്.
കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപിയും വിഷയത്തിന്റെ ഗൗരവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ജോസ് കെ. മാണിക്കൊപ്പമാണ് ഇന്നു മന്ത്രി ആർച്ച്ബിഷപ് മാർ തോമസ് തറയിലിനെ കാണാനെത്തിയത്.