മുനന്പം കോടതി വിധി ഉടൻ നടപ്പാക്കണം: കോട്ടയം അതിരൂപതാ ജാഗ്രതാസമിതി
Saturday, October 11, 2025 4:56 PM IST
കോട്ടയം: മുനന്പം കോടതി വിധി ഉടൻ നടപ്പാക്കണമെന്ന് കോട്ടയം അതിരൂപതാ ജാഗ്രതാസമിതി. കുറച്ചുകാലമായി കേരള ജനതയുടെ മനസിൽ പൊതുവെയും മുനന്പം നിവാസികളുടെ ഉള്ളിൽ പ്രത്യേകമായും നിലനിന്നിരുന്ന ഒരു വിങ്ങലായിരുന്നു മുനന്പം ഭൂമി പ്രശ്നമെന്ന് ജാഗ്രതാസമിതി പറഞ്ഞു.
കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച സുപ്രധാനമായ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. മുന്പത്തേത് വഖഫ് ഭൂമി അല്ലെന്നും 1950ലെ ആധാര പ്രകാരം മുഹമ്മദ് സിദ്ദിഖ് സയ്ദ് എന്നയാൾ ഈ ഭൂമി കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനം നൽകിയതാണെന്നും പ്രസ്തുത ഭൂമി വഖഫായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി തെറ്റാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു.
ഇഷ്ടദാനമായി നൽകപ്പെട്ട ഭൂമി 69 വർഷങ്ങൾക്ക് ശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച 2019 സെപ്റ്റംബറിലെ വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ നടപടി നിയമവിരുദ്ധമാണെന്നും സ്ഥാപിത താല്പര്യങ്ങൾ മുൻ നിർത്തിയുള്ള ഭൂമി പിടിച്ചെടുക്കൽ തന്ത്രമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുനന്പം നിവാസികളുടെ ഭൂവുടമസ്ഥത തീർപ്പാക്കി അവർക്ക് അവകാശപ്പെട്ട റവന്യൂരേഖകൾ ഉൾപ്പെടെ ആവശ്യമായ രേഖകൾ നല്കി അവരുടെ ഉത്ക്കണ്ഠകളും ആശങ്കകളും മാറ്റാൻ കേരള സർക്കാർ ഇച്ഛാശക്തി കാണിക്കണം.
ഇക്കാര്യത്തിൽ ആരുടെ ഭാഗത്തുനിന്നുമുള്ള സമ്മർദ്ദത്തിന് സർക്കാർ വഴങ്ങരുതെന്നും ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. മുനന്പം നിവാസികൾക്ക് നീതി ഉറപ്പാക്കിയ ഈ വിധി നടപ്പിലാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഒറ്റക്കെട്ടായി നിൽക്കണമെന്നും ജാഗ്രതാസമിതി അഭ്യർഥിച്ചു.