കെപിസിസി പുനസംഘടനയിൽ അതൃപ്തി; കോൺഗ്രസിൽ കലാപം
Friday, October 17, 2025 3:16 AM IST
കണ്ണൂർ: കെപിസിസി പുനസംഘടനയിൽ പ്രതിഷേധവുമായി വനിതാ നേതാവായ ഡോ. ഷമ മുഹമ്മദ്. ‘കഴിവ് ഒരു മാനദണ്ഡമാണോ’ എന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് കെപിസിസി പട്ടികയ്ക്ക് പിന്നാലെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
പുനസംഘടനയിൽ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനസംഘടനയിൽ ഇടം ലഭിക്കാത്തതാണ് ഷമയെ പ്രകോപിച്ചത്.
ഷമയ്ക്ക് പിന്നാലെ സ്ഥാനം ലഭിക്കാത്ത കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുമോയെന്നത് കണ്ടറിയണം. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തിയാണ് കെപിസിസി പുനസംഘടിപ്പിച്ചത്. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്.