"മുസ്ലീം ലീഗ് മതേതര കോമഡി, ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല'; പരിഹാസവുമായി വെള്ളാപ്പള്ളി
Friday, October 17, 2025 10:54 AM IST
കോഴിക്കോട്: മുസ്ലിം ലീഗിനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ മുഖപത്രമായ യോഗനാദം പുതിയ ലക്കം എഡിറ്റോറിയലിലാണ് വിമർശനം.
കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്നാണ് വെള്ളാപ്പള്ളിയുടെ പരിഹാസം. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.
ലീഗിലെ നവ നേതാക്കളുടെ മട്ടും ഭാവവും സംസാരവും കേട്ടാൽ ഓർമവരിക പഴയ നീലക്കുറുക്കന്റെ കഥയാണ്. ഒരു ചാറ്റൽ മഴയിൽ ഒലിച്ചുപോകുന്ന ചായം മാത്രമാണ് ഇവരുടെ മതേതരത്വമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കെതിരെയും രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ലേഖനത്തിൽ ഉയർത്തുന്നത്. തീപ്പൊരി പ്രാസംഗികനും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജിയെപോലുള്ള ആദർശധീരന്മാരായ ലീഗ് നേതാക്കളുടെ മതേതരഭാഷണങ്ങൾ കേട്ടാൽ ചിരിക്കാതിരിക്കുന്നതെങ്ങനെ?. പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടുകാരുമാകുന്ന നേതാക്കളും അണികളും കണ്ണുതുറന്നു തന്നെ ഇനി പാലുകുടിക്കുക.
സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നാണ് കെ.എം. ഷാജിയുടെ ന്യായീകരണം. അന്തസുണ്ടെങ്കിൽ അദ്ദേഹം കുമ്പിടി കളിക്കാതെ രാഷ്ട്രീയകുപ്പായം അഴിച്ചുവച്ച് മുസ്ലിങ്ങൾക്കുവേണ്ടി സംസാരിക്കണം. അതാണ് മിനിമം മര്യാദയെന്നും വെള്ളാപ്പള്ളി പറയുന്നു.
സമ്പന്നരായ മുസ്ലിങ്ങൾക്ക് വേണ്ടി സമ്പന്നരായ നേതാക്കൾ നയിക്കുന്ന പാർട്ടിയാണ് ലീഗ്. അവരുടെ വിൽപന ചരക്കാണ് മുസ്ലീങ്ങൾ. നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന കുളയട്ടയാണ് മുസ്ലിം ലീഗ് എന്ന് തിരിച്ചറിയണം എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരായ ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം കൂടിയാലും ആരും അത്ഭുതപ്പെടില്ല. മുസ്ലിം വോട്ടുബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് കേരളത്തിലെ മുന്നണി രാഷ്ട്രീയം ലീഗിനെയും ഷാജിയെയും ചുമക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ പറഞ്ഞു.