ഐഷയെയും കൊലപ്പെടുത്തിയെന്ന് കുറ്റസമ്മത മൊഴി; സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി
Friday, October 17, 2025 1:58 PM IST
ആലപ്പുഴ: ചേര്‍ത്തല ഐഷ കേസിലും സെബാസ്റ്റ്യനെതിരെ കൊലക്കുറ്റം ചുമത്തി. ഇതോടെ സെബാസ്റ്റ്യനെതിരെ മൂന്ന് കൊലക്കേസുകളാണുള്ളത്. ഐഷ കേസില്‍ സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.
ഐഷ കേസില്‍ ചേര്‍ത്തല പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഐഷയെയും കൊലപ്പെടുത്തിയെന്നാണ് സെബാസ്റ്റ്യന്റെ കുറ്റസമ്മത മൊഴി. സാഹചര്യ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് കൊലപാതകകുറ്റം ചുമത്തി കേസെടുത്തത്.
ആലപ്പുഴയ്ക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു ഐഷ അവസാനമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. അന്ന് ഐഷ പോയത് സെബാസ്റ്റ്യന്റെ വീട്ടിലേക്കാണെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ഐഷയെക്കുറിച്ച് യാതൊരു വിവരവുമില്ല.
ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെയും ചേർത്തല സ്വദേശി ബിന്ദു പത്മനാഭന്റെയും കൊലപാതകക്കേസിൽ സെബാസ്റ്റ്യനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ സെബാസ്റ്റ്യൻ റിമാൻഡിലാണ്.
ജൈനമ്മ കൊലക്കേസിൽ സെബാസ്റ്റ്യൻ അറസ്റ്റിലായതോടെയാണ് മറ്റ് തിരോധാന കേസുകളെ കുറിച്ച് പുനരന്വേഷണം തുടങ്ങിയത്. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുപരിസരത്തുനിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.