ഡ്രൈവര്‍ക്ക് പിന്നിൽ യുഡിഎഫ്, കെഎസ്ആര്‍ടിസി നന്നാവരുതെന്നാണ് ഇവരുടെ ആഗ്രഹം: ഗതാഗത മന്ത്രി
Friday, October 17, 2025 3:51 PM IST
കൊല്ലം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ ഗതാഗത വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ.
നടപടി നേരിട്ട ഡ്രൈവർക്കു പിന്നിൽ യുഡിഎഫ് ആണെന്നും ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു.
ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഗണേഷ്കുമാര് പറഞ്ഞു.
സ്ഥലംമാറ്റം ചോദ്യം ചെയ്തു കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയ്മോന് ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. വെള്ളക്കുപ്പി ബസില്‍ സൂക്ഷിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഉചിതമാണോയെന്നും ജീവനക്കാരുടെ തൊഴില്‍ സംസ്കാരമാണു മാറേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്ഥലം മാറ്റുന്നതില്‍ തെറ്റില്ല. എന്നാല്‍, മതിയായ കാരണം വേണം. ഹര്ജിക്കാരന് ബസില്‍ സൂക്ഷിച്ചതു മദ്യക്കുപ്പിയല്ലല്ലോ. ഇത്തരം കാര്യങ്ങളല്ല, ജീവനക്കാരുടെ തൊഴില്‍സംസ്കാരം മാറ്റുന്നതിനുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും ജസ്റ്റീസ് എന്‍. നഗരേഷ് പറഞ്ഞു.
ബസിന്റെ മുന്‍വശത്തെ ചില്ലിനോടു ചേര്‍ന്ന് രണ്ട് കുടിവെള്ളക്കുപ്പികള്‍ വച്ചിരിക്കുന്നതു യാത്രയ്ക്കിടെ നേരിട്ടു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗതാഗത മന്ത്രി ഇടപെട്ട് നടപടിയെടുത്തത്.