പെൺകുട്ടി ജനിച്ചതിന്റെ പേരിൽ നാല് വർഷമായി ഭർത്താവിന്റെ മർദനം; കേസെടുത്ത് പോലീസ്
Monday, October 20, 2025 2:44 AM IST
കൊച്ചി: അങ്കമാലിയിൽ പെൺകുട്ടി ജനിച്ചതിന്റെ പേരിലും വീട്ടുജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ചും ഭർത്താവ് മർദിക്കുന്നതായി യുവതിയുടെ പരാതി. പുത്തൻകുരിശ് സ്വദേശിനിയായ 29കാരിയാണ് പരാതിക്കാരി.
2020ൽ വിവാഹം കഴിഞ്ഞ ഇരുവർക്കും 2021ൽ പെൺകുഞ്ഞ് ജനിച്ചതോടെ അതിന്റെ പേരിൽ മർദനം തുടങ്ങിയെന്നാണ് പോലീസ് എഫ്ഐആർ. നാല് വർഷത്തോളം എല്ലാം സഹിച്ചുകഴിഞ്ഞ യുവതി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ചികിത്സ തേടിയപ്പോൾ ഡോക്ടർമാരോടാണ് ആദ്യം ഭർത്താവിന്റെ ക്രൂരത വെളിപ്പെടുത്തിയത്.
ഡോക്ടർമാർ പോലീസിൽ അറിയിച്ചതിന് പിന്നാലെ യുവതി പോലീസ് സ്റ്റേഷനിലെത്തി ഭർത്താവിനെതിരെ മൊഴി നൽകുകയായിരുന്നു. അങ്കമാലി പോലീസ് ഭർത്താവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കുടുംബവും ഭർത്താവും പ്രതികരിക്കാൻ തയാറായിട്ടില്ല.
മാനസികമായി പീഡിപ്പിക്കുന്നതായും ആരോപണമുണ്ട്. അതേസമയം സമവായ ചർച്ചകൾ നടക്കുന്നതായി യുവതിയുടെ കുടുംബം അറിയിച്ചു.