ഇരട്ട ന്യൂനമർദം; തുലാവർഷം ശക്തമായി തുടരും
Monday, October 20, 2025 5:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള മുന്നറിയിപ്പ്.
എറണാകുളത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
തെക്ക് കിഴക്കൻ അറബിക്കടലിൽ, കേരള-കർണാടക തീരത്തിന് സമീപത്തായി നിലനിൽക്കുന്ന ന്യൂനമർദം ശക്തികൂടി അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദമായി മാറും. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമർദമായി മാറും. ഇതും പിന്നീട് തീവ്രന്യൂനമർദമായി മാറാനാണ് സാധ്യത.
ഈ ഇരട്ട തീവ്രന്യൂനമർദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരും. മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപെരിയാർ അണകെട്ട് തുറന്നതിനാൽ അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യർഥിക്കുന്നു.