ബിഹാർ രണ്ടാം ഘട്ട വോട്ടെടുപ്പ്; പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും, മോദി 24ന് പ്രചാരണം ആരംഭിക്കും
Monday, October 20, 2025 7:13 AM IST
പറ്റ്ന: ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ആദ്യഘട്ട വോട്ടെടുപ്പില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയും ഇന്നാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് പ്രചാരണം ആരംഭിക്കും. മുന്‍ മുഖ്യമന്ത്രി ജനനായകിന്റെ ജന്മസ്ഥലമായ കർപൂരി ഗ്രാമിലാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതെന്നു ബിജെപി പ്രസിഡന്റ് ദിലീപ് ജയ്സ്വാൾ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 24നും നവംബർ ഏഴിനും ഇടയിൽ ആറുതവണ മോദി സംസ്ഥാനത്ത് സന്ദർശനം നടത്തും. ഒക്ടോബർ 30ന് മുസാഫിർപുറിലും ചപ്രയിലും തെരഞ്ഞെടുപ്പ് റാലികളിൽ മോദി പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 25ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലികളെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
26ന് ശേഷമായിരിക്കും രാഹുൽ ഗാന്ധിയുടെ റാലി. ബിഹാറിൽ നവംബർ ആറിനും 11നും രണ്ടു ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.