രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സൽ ചൊവ്വാഴ്ച
Monday, October 20, 2025 10:35 AM IST
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാക്രമീകരണങ്ങളുടെ റിഹേഴ്സൽ ചൊവ്വാഴ്ച നടക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലാകും അവസാനഘട്ട ട്രയൽ നടത്തുക.
രാഷ്ട്രപതി യാത്ര ചെയ്യുന്ന ഗൂർഖാ വാഹനത്തിൽ നിശ്ചയിച്ചിട്ടുള്ള ആളുകളെ കയറ്റി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പോലീസ് കഴിഞ്ഞദിവസം സുരക്ഷാപരിശോധന നടത്തിയിരുന്നു.
ജില്ലാ പോലീസ് മേധാവി ആനന്ദിന്റെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇന്ന് പമ്പയിലെത്തി വീണ്ടും സുരക്ഷ വിലയിരുത്തും. നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ചൊവ്വാഴ്ച കേരളത്തിലെത്തും.
വൈകുന്നേരം 6.20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന് രാജ്ഭവനിൽ തങ്ങും. ബുധനാഴ്ച രാവിലെ 9.20ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട് 10.20ന് നിലക്കൽ ഹെലിപാഡിലെത്തും.
റോഡു മാർഗം പമ്പയിലും തുടർന്ന് ശബരിമലയിലും എത്തും. 11.55 മുതൽ 12.25 വരെ രാഷ്ട്രപതി ശബരിമലയിലുണ്ടാകും. വൈകുന്നേരം 5.30ന് രാജ്ഭവനിൽ മടങ്ങിയെത്തും.