ഷാഫി പറമ്പിലിന് മർദനം: ആരോപണവിധേയരായ രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം
Monday, October 20, 2025 10:47 AM IST
കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എംപിക്ക് മര്‍ദനമേറ്റ കേസിൽ രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം. വടകര ഡിവൈഎസ്പി ആര്. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപിയായി നിയമിച്ചു. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനിൽകുമാറിന് ക്രൈംബ്രാഞ്ച് സിറ്റി എസിപിയായി നിയമനം നല്കി. മാര്‍ച്ച് നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടിരുന്ന രണ്ടു ഉദ്യോഗസ്ഥരായിരുന്നു ഇരുവരും.
സംസ്ഥാനത്ത് 23 ഡിവൈഎസ്പിമാരെയും രണ്ടു പ്രമോഷൻ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചതിന്റെ ഭാഗമാണ് ഈ സ്ഥലംമാറ്റങ്ങൾ. കോഴിക്കോട് വിജിലൻസ് ഇൻസ്പെക്ടർ എം.പി.രാജേഷിനെ സ്ഥാനക്കയറ്റം നൽകി പേരാമ്പ്രയിലെ ഡിവൈഎസ്പിയായും കോഴിക്കോട് മെഡിക്കൽ കോളജ് ഡിവിഷൻ എസിപി എ. ഉമേഷിനെ വടകര ഡിവൈഎസ്പിയായും നിയമിച്ചു.
പേരാമ്പ്ര സംഘര്‍ഷത്തില്‍ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപി നേരത്തെ പരാതി നൽകിയിരുന്നു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പോലീസ് മർദിച്ചെന്നും റൂറൽ എസ്പി പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ പോലീസുകാർക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാരെ അഞ്ചു ദിവസത്തിനകം കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിരുന്നു.
നേരത്തെ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുള്ള പോലീസ് അതിക്രമത്തില്‍ വടകര റൂറല്‍ എസ്പി കെ.ഇ. ബൈജു വീഴ്ച സമ്മതിച്ചിരുന്നു.