ബിഹാറിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും: ദിയാ കുമാരി
Tuesday, October 21, 2025 8:15 PM IST
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് ബിജെപി നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ദിയാ കുമാരി. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വീണ്ടും അധികാരത്തിലെത്തുകയെന്നും ദിയാ കുമാരി അവകാശപ്പെട്ടു.
"ബിഹാറിലെ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അടക്കമുള്ള കാര്യങ്ങൾ തുടരാൻ എൻഡിഎ വീണും അധികാരത്തിലെത്തേണ്ടതുണ്ട്. ഇതറിയാവുന്ന ജനങ്ങൾ എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും.'- ദിയാ കുമാരി പറഞ്ഞു.
"ജിഎസ്ടി നിരക്ക് അടക്കും കുറച്ചതും അനുകൂലമായ കാര്യമാണ്. രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത് ബിഹാറിലൂടെയാണ്. അതു മാത്രമല്ല ആർജെഡിയുടെ ജംഗിൾ രാജ് എല്ലാവരും കണ്ടതാണ്. അതുകൊണ്ട് അവരെ ജനങ്ങൾ വിജയിപ്പിക്കില്ല.'-ദിയാ കുമാരി അഭിപ്രായപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.