വനിതാ ലോകകപ്പ്: പാക്കിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം
Tuesday, October 21, 2025 11:59 PM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. മഴ പലതവണ തടസപ്പെടുത്തിയ മത്സരത്തിൽ 150 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
മഴയെ തുടർന്ന് ആദ്യം 40 ഓവർ വീതമുള്ള മത്സരമാണ് നിശ്ചയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 40 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസാണ് എടുത്തത്.
ക്യാപ്റ്റൻ ലോറ വോൾവാർഡിന്റെയും സുനെ ലൂസിന്റെയും മാരിസാനെ കാപ്പിന്റെയും അർധ സെഞ്ചുറിയുടെയും നദൈൻ ഡി ക്ലർക്കിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
90 റൺസെടുത്ത ലോറ വോൾവാർഡാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോർ. സുനെ ലൂസ് 61 റൺസും മരിസാനെ കാപ്പ് 68 റൺസുമെടുത്തു. 16 പന്തിൽ 41 റൺസെടുത്ത നദൈൻ ഡി ക്ലർക്കിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയുടെ സ്കോർ 300 കടത്തിയത്. മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഡി ക്ലർക്കിന്റെ ഇന്നിംഗ്സ്.
പാക്കിസ്ഥാന് വേണ്ടി സാദിയ ഇഖ്ബാലും നഷ്ര സന്ധുവും മൂന്ന് വിക്കറ്റ് വീതമെടുത്തു. ക്യാപ്റ്റൻ ഫാത്തിമ സനാ ഒരു വിക്കറ്റും വീഴ്ത്തി.
മഴനിയമ പ്രകാരം 40 ഓവറിൽ 306 റൺസായിരുന്നു പാക്കിസ്ഥാന്റെ വിജയലക്ഷ്യം. എന്നാൽ പിന്നീടും മഴ പലതവണ കളി തടസപ്പെടുത്തി. വിജയലക്ഷ്യവും ഓവറുകളും പലതവണ മാറ്റി ഒടുവിൽ 20 ഓവറിൽ 234 റൺസ് വിജയലക്ഷ്യമായി നിശ്ചയിക്കുകയായിരുന്നു.
എന്നാൽ പാക്കിസ്ഥാന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് നേടാനെ സാധിച്ചുള്ളു. ഇതോടെയാണ് ദക്ഷിണാഫ്രിക്ക 150 റൺസിന് മത്സരം സ്വന്തമാക്കിയത്. 22 റൺസെടുത്ത സിദ്ര നവാസ് ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. നതാലിയ പർവെയ്സ് 20 റൺസും എടുത്തു. മറ്റാർക്കും പാക്ക് നിരയിൽ തിളങ്ങാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മരിസാനെ കാപ്പ് മൂന്ന് വിക്കറ്റെടുത്തു. നോണ്ടുമിസോ ഷൻഗാസെ രണ്ട് വിക്കറ്റും അയബോംഗ ഖാക്ക ഒരു വിക്കറ്റും വീഴ്ത്തി. മരിസാനെ കാപ്പാണ് മത്സരത്തിലെ താരം.
വിജയത്തോടെ 10 പോയിന്റായ ദക്ഷിണാഫ്രിക്ക പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. രണ്ട് പോയിന്റ് മാത്രമുള്ള പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി.