ബൈക്ക് മോഷണം പരാജയപ്പെട്ടു; ഒടുവിൽ പെട്രോൾ ഊറ്റി കടന്നു, സിസിടിവി സഹായത്തോടെ പ്രതികളെ പിടികൂടി
Wednesday, October 22, 2025 3:15 AM IST
കുടശനാട്: ബൈക്കിലെ പെട്രോൾ ഊറ്റിയെടുത്ത മോഷ്ടാക്കളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. ബൈക്ക് മോഷണത്തിനെത്തിയ ഇവർ കവർച്ചാ ശ്രമം പരാജയപ്പെട്ടതോടെ പെട്രോൾ ഊറ്റിയെടുത്ത് കടന്നുകളയുകയായിരുന്നു. കുടശനാട് പ്രശാന്ത് ഭവനം വീട്ടിലാണ് മോഷണം നടന്നത്.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശികളായ എബൻ ഡാനിയേൽ, ജസ്റ്റിൻ ഡാനിയേൽ എന്നിവരെയാണ് പിടികൂടിയത്. ഇരുവരും സഹോദരങ്ങളാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സ്ഥിരം കുറ്റവാളികളായ മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു.
മോഷണശ്രമം സിസിടിവിയിൽ കണ്ട വീട്ടുകാർ ഇറങ്ങി വന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. പന്തളം ഭാഗത്തുനിന്നു മോഷ്ടിച്ച വാഹനത്തിൽ എത്തി ഹരിപ്പാട് മോഷണം നടത്തി. ശേഷം നൂറനാട്ട് എത്തി മോഷണം നടത്തുകയായിരുന്നു ഇവർ. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.