കുടിശിക; ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കുന്നതിൽനിന്ന് പിന്നോട്ടില്ല, 250 കോടി സഹായം തേടി ആരോഗ്യവകുപ്പ്
Wednesday, October 22, 2025 7:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കൽ കോളജുകളിൽ വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വിതരണക്കാർ. നിയമവഴികൾ അടക്കം പരിശോധിക്കാൻ വിതരണക്കാരുടെ യോഗം തീരുമാനിച്ചു.
ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഉപകരണങ്ങൾ തിരിച്ചെടുത്തിരുന്നു. കുടിശിക തീർക്കുന്നതിൽ ഒരു തരത്തിലുമുള്ള ഉറപ്പുകളും ലഭിച്ചില്ലെന്നാണ് വിതരണക്കാര്‍ പറയുന്നത്. കോട്ടയം മെഡിക്കൽ കോളജ്, തിരുവനന്തപുരം മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെ കുടിശിക തീർക്കാൻ കൂടുതൽ സമയം തേടിയിരുന്നു.
സ്റ്റോക്ക് തിരിച്ചെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് അനുവദിച്ചിരുന്നില്ല. കുടിശികക ഉടൻ തീർക്കാമെന്ന് കോഴിക്കോട് മെഡിക്കൽ കോളജും ചർച്ചയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകുന്നരം ചേർന്ന യോഗത്തിലാണ് സ്റ്റോക്ക് തിരിച്ചെടുക്കാനുള്ള വഴികൾ തേടാൻ വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്.
159 കോടി രൂപയാണ് ഹൃദയ ശസ്ത്രക്രിയ വിതരണക്കാർക്ക് മാത്രം ആരോഗ്യവകുപ്പ് കുടിശികയായി നൽകാനുണ്ടായിരുന്നത്. ഇതിൽ 30 കോടി മാത്രമാണ് സർക്കാർ നൽകാൻ തയാറായത്. ഇതാണ് ഗുരുതര സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
അതേസമയം കുടിശിക തീർക്കാൻ ആരോഗ്യവകുപ്പ് 250 കോടി രൂപ ധനവകുപ്പിനോട് അടിയന്തര സഹായം തേടിയിട്ടുണ്ട്. ഇതിൽ 100 കോടി രൂപയെങ്കിലും കിട്ടിയാൽ മാത്രമേ പ്രതിസന്ധിക്ക് താത്കാലികമായെങ്കിലും പരിഹാരമാവു.