ക്ലിഫ് ഹൗസിലേക്ക് ആശാപ്രവർത്തകരുടെ മഹാറാലി; തടഞ്ഞ് പോലീസ്
Wednesday, October 22, 2025 12:22 PM IST
തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകുല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശ പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി.
രാവിലെ പത്ത് മണിക്ക് പിഎംജി ജംഗ്ഷനില്‍നിന്നു മഹാറാലിയായാണ് മാര്‍ച്ച് തുടങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ആയിരകണക്കിന് ആശപ്രവര്‍ത്തകരും കുടുംബവും സമരത്തില്‍ പങ്കെടുത്തു.
പിഎംജിയില്‍നിന്ന് ആരംഭിച്ച മാര്‍ച്ചിനെ നന്തന്‍കോട് ജംഗ്ഷന് സമീപം പോലീസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. ഇതോടെ ബാരിക്കേഡുകൾക്കു മുകളിൽ കയറി നിന്നുകൊണ്ട് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ആശ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തി വരുന്ന സത്യാഗ്രഹ സമരം ഇന്ന് 256-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തങ്ങളുടെ ആവശ്യത്തില്‍ അനുകുല നിലപാട് സ്വീകരിക്കാന്‍ തയാറാകാത്ത മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നടപടികളില്‍ പ്രതിഷേധിച്ചാണ് ആശമാരുടെ ക്ലിഫ് ഹൗസ് മാര്‍ച്ച്.
കേന്ദ്രസര്‍ക്കാര്‍ ആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ചാല്‍ തങ്ങളും വര്‍ധിപ്പിക്കാമെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുകുല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ആശാ സമരസമിതി നേതാക്കള്‍ ആരോപിക്കുന്നു.
പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ സൗകര്യമില്ലാത്ത സെക്രട്ടറിയേറ്റ് നടയില്‍ കഴിഞ്ഞ 256 ദിവസമായി ആശമാര്‍ നടത്തി വരുന്ന സമരത്തിന് നേരെ മനുഷ്യത്വപരമായ സമീപം സ്വീകരിക്കുക പോലും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും ഇതിന് ഇന്ന് അറുതി വരുത്തണമെന്നും നേതാക്കള്‍ വ്യക്തമാക്കി. ആശ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ വിവേചനം കാണിക്കുകയാണ്. കഴിഞ്ഞമാസത്തെ വേതനം ആശമാര്‍ക്ക് ഇന്നലെ വരെ ലഭിച്ചിട്ടില്ലെന്നും ആശ സമരസമിതി നേതാക്കള്‍ ആരോപിച്ചു.
മുടിമുറിക്കല്‍ സമരം ഉള്‍പ്പെടെ നിരവധി സമരമുറകളാണ് ആശ പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടാനായി സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയത്. പ്രതിപക്ഷ പാര്‍ട്ടികളും നിരവധി സംഘടനകളും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നേരത്തെ സമരപന്തലില്‍ എത്തിയിരുന്നു.