പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച; ബാബര്‍ അസം പൊരുതുന്നു
Wednesday, October 22, 2025 7:37 PM IST
റാവല്‍പിണ്ടി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാൻ പൊരുതുന്നു. 71 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ പാക്കിസ്ഥാൻ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ്.
49 റണ്‍സോടെ മുന്‍ നായകന് ബാബര്‍ അസമും 16 റണ്‍സോടെ മുഹമ്മദ് റിസ്വാനുമാണ് ക്രീസില്‍. ആറ് വിക്കറ്റ് കൈയിലിരിക്കെ പാക്കിസ്ഥാന് 23 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇപ്പോഴുള്ളത്.
ഇമാം ഉള് ഹഖ് (ഒമ്പത്), അബ്ദുള്ള ഷഫീഖ് ( ആറ്), ക്യാപ്റ്റൻ ഷാന്‍ മസൂദ് (0), സൗദ് ഷക്കീല്‍(11) എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കയ്ക്കായി സൈമൺ ഹാർമർ മൂന്നും റബാഡ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ പതിനൊന്നാമനായി ക്രീസിലെത്തിയ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത കഗിസോ റബാഡയാണ് സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. 61 പന്തിൽ നാല് സിക്സും നാല് ഫോറും അടക്കം 71 റൺസാണ് നേടിയത്.
സെനുരാന് മുത്തുസാമി (89), ട്രിസ്റ്റണ്‍ സ്റ്റബ്സ് (76), ടോണി ഡി സോര്‍സി (55) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി. പാക്കിസ്ഥാനുവേണ്ടി 38-ാം വയസില്‍ അരങ്ങേറിയ ആസിഫ് ആഫ്രീദി ആറ് വിക്കറ്റെടുത്തു.