സ്കൂൾ കായികമേളയ്ക്ക് ചൊവ്വാഴ്ച തുടക്കം; ഒരുക്കങ്ങൾ പൂർണം
Monday, October 20, 2025 6:09 PM IST
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ചൊവ്വാഴ്ച മുതൽ 28 വരെയാണ് കായികമേള സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികളുടെയും മാസ്ഡ്രില്ലിന്റെയും റിഹേഴ്സൽ ഇന്ന് രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിലയിരുത്തി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷും റിഹേഴ്സൽ കാണാനെത്തി. പുത്തരിക്കണ്ടം മൈതാനത്ത് സജ്ജമാക്കിയ ഭക്ഷണപ്പുരയിൽ വൈകുന്നേരം നാലിന് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പാലുകാച്ചൽ ചടങ്ങ് നടന്നു.
പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണപ്പുരയുടെ പ്രവർത്തനം. രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ഭക്ഷണശാലയാണ് പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ളത്. ഇതടക്കം നാല് പാചകപ്പുരകളും പാകം ചെയ്ത ഭക്ഷണം മറ്റ് നാലിടങ്ങളിൽ എത്തിച്ചുനൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ചൊവ്വാഴ്ച ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഐ.എം.വിജയൻ മന്ത്രി വി.ശിവൻകുട്ടിയ്ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാൻഡ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്വിൽ അംബാസഡർ ആണ്. ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും.
മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കുന്നു. ഗൾഫ് മേഖലയിൽ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഈ സംഘത്തിൽ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.
ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകുന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പാണ് ഇത്തവണ നൽകുന്നത്.