കേരളത്തിൽ പോലീസ് രാജാണെന്നതിന്റെ ഉദാഹരണമാണ് തൃപ്പൂണിത്തുറ കസ്റ്റഡി മരണം: കെ സുരേന്ദ്രൻ
Sunday, March 26, 2023 8:32 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സംസ്ഥാനത്ത് പോലീസ് ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തരവകുപ്പെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനം തകർക്കുന്നത് പോലീസ് തന്നെയാണ്. കേരളത്തിൽ പോലീസ് രാജാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷൻ കസ്റ്റഡി മരണം.
പോലീസ് കസ്റ്റഡിയിൽ മനോഹരൻ മരണപ്പെട്ട സംഭവത്തിൽ ഉത്തരവാദികളായ സിഐയ്ക്കും പോലീസുകാർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പോലീസ് എന്നത് തനിക്ക് സുരക്ഷ തരാനുള്ള സംവിധാനം മാത്രമായാണ് പിണറായി വിജയൻ കരുതുന്നത്.
വാഹനപരിശോധനയ്ക്കിടെ സിഐ മനോഹരനെ മർദ്ദിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്. പിണറായി ഭരണത്തിൽ സംസ്ഥാനത്തെ പോലീസ് കാട്ടാളൻമാരെ പോലെ പ്രവർത്തിക്കുകയാണ്. കേരളത്തിലെ പോലീസ് ഓഫീസർമാരിൽ നിരവധിപേർ ക്രിമിനലുകളാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും പിണറായി സർക്കാർ ഇത്തരക്കാരെ സഹായിക്കുന്നതിന്റെ ദുരന്തഫലമാണ് തൃപ്പൂണിത്തുറയിലുണ്ടായിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.