പിഎസ്ജിക്കായി ശനിയാഴ്ച മെസിയുടെ അവസാന മത്സരം; തീർച്ചപ്പെടുത്തി കോച്ച്
Friday, June 2, 2023 10:34 AM IST
പാരീസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അടുത്ത സീസണിൽ ഏത് കുപ്പായത്തിൽ കളിക്കും. ഇക്കാര്യത്തിൽ ഇതുവരെ അഭ്യൂഹങ്ങൾ പലതുണ്ടെങ്കിലും തീർച്ചയായിട്ടില്ല. എന്നാൽ സ്ഥിരീകരിച്ചതൊന്നുണ്ട്. വരും സീസണിൽ മെസി പിഎസ്ജിക്കൊപ്പമുണ്ടാകില്ല. ശനിയാഴ്ച ക്ലർമോണ്ടിനെതിരായ മത്സരം പിഎസ്ജി കുപ്പായത്തിലെ അവസാന മത്സരമായിരിക്കുമെന്ന് കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ സ്ഥിരീകരിച്ചു.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായതായി അദ്ദേഹം പറഞ്ഞു. ഇത് പിഎസ്ജിയിലെ മെസിയുടെ അവസാന മത്സരമായിരിക്കും. അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗാൽറ്റിയർ കൂട്ടിച്ചേർത്തു.
2021 ജൂലൈയിൽ ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ബാഴ്സലോണയിൽനിന്നും മെസി പിഎസ്ജിയിലെത്തിയത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പാരീസുകാർക്കൊപ്പം മെസിക്കായില്ലെങ്കിലും രണ്ട് സീസണിലും ക്ലബ്, ലീഗ് വൺ കിരീടം നേടി. ഈ സീസണിൽ പിഎസ്ജിക്കായി 21 ഗോളുകളും 20 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. ക്ലബിനായി ആകെ 74 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളും മെസി നേടി.
പിഎസ്ജിയുമായി നിലവിൽ മെസിക്ക് അത്ര നല്ല ബന്ധമല്ല. സൗദി അറേബ്യയിലേക്കു പോയതിന്റെ പേരിൽ താരത്തെ പിഎസ്ജി സസ്പെൻഡ് ചെയ്തതു ബന്ധം കൂടുതൽ വഷളാക്കി.
പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്കു പോകാനാണു മെസിക്കു താത്പര്യമെങ്കിലും ലാലിഗ ചട്ടങ്ങൾ കണക്കിലെടുക്കുന്പോൾ അതു നടക്കാനിടയില്ല. വന്പൻ ഓഫറുകളുമായി ഇന്റർ മയാമിയും സൗദി ക്ലബ്ബായ അൽ ഹിലാലുമാണു മെസിക്കു പിന്നിലുള്ളത്. ബാഴസയിലേക്കുള്ള മടക്കം സാധിച്ചില്ലെങ്കിൽ യൂറോപ്പിലെ മ റ്റേതെങ്കിലും ക്ലബ്ബിലേക്കു മെസി കൂടുമാറാനും സാധ്യതയുണ്ട്.