മാജിക് സിറ്റി; മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്എ കപ്പ്
Sunday, June 4, 2023 8:07 AM IST
ലണ്ടൻ: മാഞ്ചസ്റ്റർ നഗരപ്പോരിൽ യുണൈറ്റഡിനെ തകർത്ത് കിരീടം ചൂടി സിറ്റി. എഫ്എ കപ്പ് ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡിനെ കീഴടക്കിയാണ് സിറ്റി കിരീടം ചൂടിയത്. ഗുണ്ടോഗന്റെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് കിരീടം നേടിക്കൊടുത്തത്.
മത്സരത്തിന്റെ 12-ാം സെക്കൻഡിൽ ഗൂണ്ടോഗനിലൂടെ മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. എഫ്എ കപ്പ് ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഗുണ്ടോഗന്റെ ബൂട്ടിൽപിറന്നത്.
ഗ്രീലിഷിന്റെ ഹാൻഡ് ബോളിൽ 33-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 1-1ന് ഒപ്പമെത്തിച്ചു. 51-ാം മിനിറ്റിൽ ഡിബ്രൂയിന്റെ അസിസ്റ്റിൽ ഗൂണ്ടോഗൻ വീണ്ടും മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നൽകി.
എഫ്എ കപ്പ് ഫുട്ബോളിന്റെ 152 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായായിരുന്നു മാഞ്ചസ്റ്റർ ഡെർബി. ഏഴാം തവണയാണ് മാഞ്ചസ്റ്റർ സിറ്റി എഫ്എ കപ്പ് സ്വന്തമാക്കുന്നത്. ഇതോടെ സീസണിൽ ട്രിപ്പിൾ കിരീടം എന്ന സ്വപ്നത്തിലേക്ക് മാഞ്ചസ്റ്റർ സിറ്റി ഒരു പടികൂടി അടുത്തു. അടുത്ത ആഴ്ച യുവേഫ ചാന്പ്യൻസ് ലീഗിൽ കപ്പ് സ്വന്തമാക്കാൻ സാധിച്ചാൽ പെപ് ഗ്വാർഡിയോളയുടെ ഇളംനീലക്കുപ്പായക്കാർക്ക് ട്രിപ്പിൾ കിരീടത്തിലെത്താം.