അതുല്യയുടെ മരണം: ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം; നടപടി പൂർത്തിയാക്കി വിട്ടയയ്ക്കും
Sunday, August 10, 2025 11:18 AM IST
കൊല്ലം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവ് സതീഷിന് ഇടക്കാല ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ, അറസ്റ്റു ചെയ്ത സതീഷിനെ നടപടികൾ പൂർത്തിയാക്കി ജാമ്യത്തിൽ വിടും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോടതി സതീഷിന് ജാമ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സതീഷ് നാട്ടിലേക്ക് വന്നത്. രണ്ടുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നാണ് കോടതി ഉത്തരവ്.
ഇന്ന് രാവിലെ ഷാർജയിൽനിന്നും തിരുവനന്തപുരത്ത് എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്ത് വലിയതുറ പോലീസിന് കൈമാറിയിരുന്നു. ജോലി നഷ്ടമായതിനെ തുടർന്നാണ് സതീഷ് നാട്ടിലെത്തിയത്. അതുല്യയുടെ മരണത്തെ തുടർന്ന് സതീഷിനെ സ്വകാര്യ കമ്പനി പിരിച്ചുവിട്ടിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. ഇതിന് പിന്നാലെ സതീഷിനെതിരേ അതുല്യയുടെ കുടുംബം രംഗത്ത് വരികയും പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.