മണ്ണാർക്കാട്ട് വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി
Tuesday, September 2, 2025 12:43 AM IST
പാലക്കാട്: മണ്ണാർക്കാട് ചങ്ങലീരി മൂന്നാംകഴിയില് വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി. മുരുക്കംതോണി വാസുദേവന്റെ വീട്ടുമുറ്റത്താണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തു കൊണ്ടു പോയി.
ഗുണ്ടിന്റെ രൂപമുള്ള മഞ്ഞ നിറത്തിലുള്ള വസ്തു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകൾക്കിടയിലാണ് കണ്ടെത്തിയത്. സംശയം തോന്നിയ വാസുദേവൻ പഞ്ചായത്തംഗത്തെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് വാസുദേവൻ പറഞ്ഞു.
രാത്രി ഒൻപതോടെയാണ് പാലക്കാട് നിന്ന് ബോംബ് സ്ക്വാഡ് എത്തി സ്ഫോടക വസ്തു മണൽ നിറച്ച ബക്കറ്റിലാക്കി കൊണ്ടുപോയത്. കൂടുതൽ പരിശോധന നടത്തി നിർവീര്യമാക്കുമെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.