കസ്റ്റഡി മർദനം: കാക്കി വേഷം ധരിച്ച് അവർ ജോലി ചെയ്യില്ലെന്ന് വി.ഡി. സതീശൻ
Friday, September 5, 2025 5:20 PM IST
തൃശൂർ: കുന്നംകുളത്ത് യൂത്ത് കോണ്ഗ്രസ് നേതാവിനെ മർദിച്ചവർ കാക്കി വേഷം ധരിച്ച് ഇനി പോലീസിൽ ജോലി ചെയ്യാമെന്ന് കരുതേണ്ടന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാക്കി വേഷം ധരിച്ച് അവർ ജോലി ചെയ്യില്ലെന്നും സതീശൻ വ്യക്തമാക്കി.
കസ്റ്റഡി മർദനമേറ്റ കോണ്ഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ വീട്ടിലെത്തി കണ്ടശേഷമായിരുന്നു സതീശന്റെ പ്രതികരണം. സുജിത്തിനെ മർദിച്ചവർ വീടിനു പുറത്തിറങ്ങില്ല. ഇതുവരെ കാണാത്ത സമരം കേരളം കാണുമെന്നും സതീശൻ പ്രതികരിച്ചു.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്. സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.