പ്രകാശം പരത്തിയ 100 വർഷങ്ങൾ
Sunday, October 30, 2022 2:20 AM IST
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സലേഷ്യൻ സമൂഹത്തിന്റെ ആഗമനത്തിന് 100 വർഷം തികയുകയാണ്. ആസാം, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, ത്രിപുര, സിക്കിം സംസ്ഥാനങ്ങളിൽ ഇക്കാലമത്രയും വിജ്ഞാനവിളക്ക് കൊളുത്തിയത് സലേഷ്യൻ മിഷനറിമാരാണ്.
മേഘാലയത്തിലെ പടിഞ്ഞാറൻ ഗാരോ മലകളുടെ താഴ്വാരത്തുള്ള ചപഹത്തി ഗ്രാമത്തിലെ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാനെത്തിയതായിരുന്നു ബാറ്റിസ്റ്റ ബുസോളിൻ എന്ന ഇറ്റാലിയൻ സലേഷ്യൻ വൈദികൻ. ആ പള്ളിയിൽ സമർത്ഥനായ ഒരു അൾത്താര ബാലനെ ഫാ. ബുസോളിൻ പരിചയപ്പെടാനാനിടയായി. അവന്റെ പേര് പുർണോ അജിതോക് സങ്മ. വൈദികൻ പുർണോയുടെ അമ്മ ചിംറിയോടു പറഞ്ഞു. ‘ഇവൻ സമർഥനാണ്. നിങ്ങൾ അനുവദിച്ചാൽ ഈ മകനെ ഞാൻ കൊണ്ടുപോയി പഠിപ്പിച്ചു മിടുക്കനാക്കാം.’
ഭർത്താവ് മരിച്ച് സാന്പത്തിക ക്ലേശത്തിലായിരുന്ന അമ്മയ്ക്ക് അത് ദൈവസ്വരം പോലെ സ്വീകാര്യമായിരുന്നു. ആ വൈദികന്റെ കൈപിടിച്ച് ചപഹത്തിയിൽനിന്നു പുറപ്പെട്ട പുർണോ, സലേഷ്യൻ വൈദികർ ചുമതലക്കാരായ സ്കൂളിലും അവിടത്തെ ഹോസ്റ്റലിലുമായി പഠനം തുടങ്ങി.
ബിരുദപഠനത്തിനുശേഷം ദിബ്രുഗഡ് ഡോൺ ബോസ്കോ സ്കൂളിൽ അധ്യാപകനായിരിക്കെ മലയാളി മിഷനറിയായ ഫാ. തോമസ് തെക്കേക്കണ്ടം പുർണോയോട് നിയമം പഠിക്കാൻ ഉപദേശിച്ചു. നിയമപഠത്തിനുശേഷം ഫാ. തെക്കേക്കണ്ടം ആ ചെറുപ്പക്കാരനെ രാഷ്ട്രീയത്തിലേക്ക് വഴിനയിച്ചു.
പിൽക്കാലത്ത് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ലോക്സഭാ സ്പീക്കറുമൊക്കെയായി അറിയപ്പെട്ട പത്മവിഭൂഷണ് പി.എ. സങ്മയുടെ ജീവിതകഥയാണിത്. സങ്മയുടെ മകൻ കൊണ്റാഡ് സങ്മ മേഘാലയ മുഖ്യമന്ത്രിയും മകൾ അഗത കേന്ദ്രമന്ത്രിയുമായത് തുടർക്കഥ.
വിശുദ്ധ ജോണ് ബോസ്കോ 1859ൽ ഇറ്റലിയിൽ സ്ഥാപിച്ച സലേഷ്യൻസ് ഓഫ് ഡോണ് ബോസ്കോ (എസ്ഡിബി) എന്ന ആഗോള സന്യാസസമൂഹത്തിലെ അംഗമായിരുന്നു ഫാ. ബാറ്റിസ്റ്റ ബുസോളിൻ.
ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള സലേഷ്യൻ സമൂഹത്തിന്റെ ആഗമനത്തിന് 100 വർഷം തികയുകയാണ്. ആസാം, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിൽ ഇക്കാലമത്രയും വിജ്ഞാനവിളക്ക് കൊളുത്തിയത് സലേഷ്യൻ മിഷനറിമാരാണ്.
ഗോത്രസംസ്കൃതിയുടെ തനിമ മായാതെ നാഗരികതയുടെ രാജപാത തെളിയിച്ച സലേഷ്യൻ സമൂഹത്തിന്റെ ഉജ്ജ്വല സംഭാവനകളുടെ ഒരു ഉദാഹരണം മാത്രമാണ് പി.എ. സങ്മ. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയി ഉൾപ്പെടെ വേറെയും നിരവധി പ്രമുഖർ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും സൈനികമേധാവികളും ഉദ്യോഗപ്രമുഖരുമൊക്കെ പഠിച്ചുവളർന്നത് പ്രമുഖ സലേഷ്യൻ സ്ഥാപനങ്ങളിലെ വൈദികരുടെ ശിക്ഷണത്തിലാണ്.
134 രാജ്യങ്ങളിൽ സേവനനിരതരും കത്തോലിക്കാ സഭയിലെ മൂന്നാമത്തെ വലിയ സന്യാസസമൂഹവുമായ സലേഷ്യൻ മിഷനറിമാർ ആഗോളതലത്തിൽ അവരുടെ ആദ്യ കോളജ് സ്ഥാപിച്ചത് മേഘാലയത്തിലെ ഷില്ലോംഗിലാണ്. ഷില്ലോംഗിലെ പ്രസിദ്ധമായ സെന്റ് ആന്റണീസ് കോളജിൽ ഉന്നതപഠനം നേടിയ ഒട്ടേറെ ഗോത്രവംശജർ പിൽക്കാലത്ത് സമുന്നത പദവികളിൽ എത്തിയിട്ടുണ്ട്. സലേഷ്യൻ സമൂഹത്തിനും ഭാരതത്തിനും അഭിമാനാർഹമായ നേട്ടങ്ങൾ സെന്റ് ആന്റണീസ് കോളജും ഇതര വിദ്യാഭ്യാസസ്ഥാപനങ്ങളും സമ്മാനിക്കുന്നതായി ഈ സമൂഹത്തിലെ അംഗമായ ആർച്ച് ബിഷപ് ഡോ. തോമസ് മേനാംപറന്പിൽ വ്യക്തമാക്കുന്നു.
മലയോര ഗ്രാമങ്ങളിൽ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന കേരള നവോത്ഥാന ശൈലിതന്നെയാണ് സലേഷ്യൻസും വടക്കുകിഴക്കൻ പ്രദേശങ്ങളിൽ സ്വീകരിച്ചത്. വീടുകളും ഗ്രാമങ്ങളും സ്കൂളുകളിൽനിന്ന് ഏറെ ദൂരത്തായിരുന്നതിനാൽ സമയത്ത് ക്ലാസിൽ എത്തിച്ചേരുകയെന്നത് വിദ്യാർഥികൾക്ക് ദുഷ്കരമായിരുന്നു. മാത്രവുമല്ല നിരക്ഷരരായ ഏറെ രക്ഷിതാക്കൾക്കും കുട്ടികൾ പഠിക്കണമെന്ന് താൽപര്യവുമില്ലായിരുന്നു. പഠനം സുമഗമാക്കാൻ സ്കൂളുകളോടു ചേർന്ന് ഹോസ്റ്റലുകളും തൊഴിൽപരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചു. ഇത്തരത്തിൽ എല്ലാവർക്കും അക്ഷരവെളിച്ചം നേടാനും ജീവിതത്തിൽ സ്വപ്നം കാണാനാവുന്നതിനപ്പുറം എത്തിച്ചേരാനും സലേഷ്യൻ ഹോസ്റ്റലുകൾ വഴിയൊരുക്കി.
ചരിത്രപ്രയാണത്തിന് തുടക്കം
ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ള ആറ് വൈദികരും അഞ്ച് ബ്രദേഴ്സും 1922 ജനുവരി ആറിന് മുംബൈയിൽ കപ്പലിലെത്തി മൂന്നാം ദിവസം കോൽക്കത്തിയിലെത്തി. ഫ്രഞ്ചുകാരനായ ഫാ. ലൂയിസ് മത്യാസിന്റെ നേതൃത്വത്തിൽ സലേഷ്യൻ സമൂഹത്തിന്റെ ഐതിഹാസികമെന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യൻ പ്രയാണത്തിന്റെ തുടക്കമായിരുന്നു അത്. ഗോഹട്ടിയിലും തുടർന്ന് ഷില്ലോംഗിലുമെത്തിയതു മുതൽ ഗ്രാമീണ ഗോത്രവാസികൾക്കിടയിൽ അനുപമമായ പ്രവർത്തനങ്ങളാണ് ഇവരും പിൻഗാമികളും കാഴ്ചവച്ചത്. കാട്ടുമൃഗങ്ങളും മാരകരോഗങ്ങളുമുള്ള കുഗ്രാമങ്ങളിലേക്ക് മിഷനറിമാരുടെ പറിച്ചുനടൽ. എല്ലാത്തരത്തിലും എക്കാലവും സഹനപാതകൾക്കു നടുവിലായിരുന്നു ഇവരുടെ ശുശ്രൂഷാപർവം.
1934ൽ ഷില്ലോംഗ് ആസ്ഥാനമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രൂപത വന്നപ്പോൾ പ്രഥമ മെത്രാനായി ഫാ. ലൂയിസ് മത്യാസ് നിയമിതനായി. ഇതോടൊപ്പം കൃഷ്ണഗറിലും രൂപത നിലവിൽവന്നു. സലേഷ്യൻസ് തുടക്കമിട്ട സംരംഭങ്ങളും പദ്ധതികളും ഘട്ടങ്ങളായി കുന്നുകയറി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഓരോ ഗ്രാമത്തിലേക്കും പടർന്നു വളർന്നു.
ഒന്നാം ലോകമഹായുദ്ധകാലത്തും രണ്ടാം ലോകമഹായുദ്ധത്തിനുശേഷവും വിവിധ കാരണങ്ങളാൽ വിദേശി മിഷനറിമാർക്ക് വടക്കു കിഴക്കൻ പ്രദേശങ്ങളിൽനിന്നു മറ്റ് സംസ്ഥാനങ്ങളിലേക്കും ചിലർക്കു സ്വദേശത്തേക്കും മടങ്ങിപ്പോകേണ്ടിവന്നു. ഈ സാഹചര്യത്തിൽ കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വൈദിക വിദ്യാർഥികളെ കണ്ടെത്തി പരിശീലനം നൽകി വിദേശ മിഷനറിമാർ അടിത്തറയിട്ട സംരംഭങ്ങളും സേവനങ്ങളും തുടരേണ്ട സാഹചര്യമുണ്ടായി. ഈ ഉദ്യമത്തിൽ 1948 മുതൽ ഇന്നേവരെ കേരളത്തിൽനിന്ന് നൂറു കണക്കിന് പേരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രേക്ഷിതശുശ്രൂഷയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്നത്. ഏഴു സംസ്ഥാനങ്ങളുടെയും സമഗ്രവളർച്ചയ്ക്കു മലയാളികളായ സലേഷ്യൻ വൈദികരും സന്യസ്തരും അർപ്പിച്ചുപോരുന്ന സേവനം എക്കാലവും സ്മരണീയമാണ്.
ഓരോ ഗോത്രത്തിനും തനതു സംസ്കാരം
ഗാരോ, ഖാസി, ആദി, മിസോ, കാർബിസ് നിഷി, അംഗാമി,കുക്കി, ബോഡോ തുടങ്ങി എണ്ണമറ്റ ആദിവാസി ഗോത്രങ്ങളും ഓരോ ഗോത്രത്തിനും വ്യത്യസ്തമായ ഭാഷയും ജീവിതശൈലിയും. ലോകത്തിലെതന്നെ ഏറ്റവും സംസ്കാര വൈവിധ്യം നിലവിലുള്ള ഭൂപ്രദേശം. ശുശ്രൂഷാ മേഖലകൾ പന്തലിച്ചതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിവിധ രൂപതകളും അനേകം ഇടവകകളും സന്യാസ ഭവനങ്ങളും വൈദിക പരിശീലന കേന്ദ്രങ്ങളും നിലവിൽ വന്നു. പൊതുവിദ്യാഭ്യാസത്തിലും തൊഴിൽപരിശീലനത്തിലും വലിയ മുന്നേറ്റമാണ് ഗോത്രവാസികൾ സ്വന്തമാക്കിയത്.
ഇന്ന് ഗോഹട്ടിയിലെ വിഖ്യാതമായ ഡോണ് ബോസ്കോ യൂണിവേഴ്സിറ്റിയും 16 കോളജുകളും അഞ്ഞൂറോളം വിദ്യാലയങ്ങളും 98 ഹോസ്റ്റലുകളും 102 സാക്ഷരതാ കേന്ദ്രങ്ങളും മറ്റനവധി വിദ്യാവിതരണ കേന്ദ്രങ്ങളും ചേർന്ന് ഒന്നര ലക്ഷത്തിലധികം വിദ്യാർഥികളെ വിജ്ഞാനവിരുന്നൂട്ടുന്നു. 1317 വില്ലേജുകളിലും 69 ഇടവകകളിലുമായി ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് സലേഷ്യൻസ് അതിജീവനത്തിന്റെ ഉൗർജം പകരുന്നു. നൂറു കണക്കിന് ആശുപത്രികളും അഭയഭവനങ്ങളും പുനരധിവാസ കേന്ദ്രങ്ങളും ഇവിടെയുണ്ട്.
ബ്രഹ്മപുത്രാ തീരങ്ങളിൽ അധിവസിക്കുന്ന തദ്ദേശിയ ജനതയ്ക്ക് തനതു ഗോത്രസംസ്കാരമാണുള്ളത്. ഹിമാലയ താഴ്വാരങ്ങളിൽ മൂടൽമഞ്ഞിന്റെ ആവരണമുള്ള കുന്നുകളും തോടുകളും വനങ്ങളും അതിരിടുന്ന പ്രദേശത്ത് ഇവരുടെ സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് ഇന്നു കാണുന്ന വികസനം. വിദേശികളും സ്വദേശികളുമായ മിഷനറിമാരുടെ ജീവനും ജീവിതവും ഈ ജനതതിയുടെ ഉന്നമനത്തിനായി സമർപ്പിക്കപ്പെട്ടു. പരിമിതികളുടെ നടുവിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഗോത്രവാസി ഭൂമികയിൽ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സംസ്കാരം, ഭാഷ, തൊഴിൽ തുടങ്ങി സമഗ്രമായ വികസന സംസ്തൃതി സമ്മാനിച്ചതിൽ മിഷനറിമാരുടെ അധ്വാനമാണ് അടിസ്ഥാനം.
അപരിഷ്കൃതമെന്നു തോന്നിച്ചേക്കാവുന്ന ജീവിതം നയിച്ചുവന്നവരായിരുന്നു ഗോത്രവാസികൾ. അന്പും വില്ലുംകൊണ്ട് വേട്ടയാടി ജീവിതം നയിച്ചിരുന്നവർ നിസാര കാര്യങ്ങൾക്കു വരെ ഏറ്റുമുട്ടിയിരുന്നു. ഇന്ത്യൻ ദേശീയതയിൽനിന്ന് ഏറെ അകന്നും സംശയിച്ചും കഴിഞ്ഞിരുന്നവരായിരുന്നു ഗ്രാമീണർ.
മന്ത്രവാദത്തിലും ആഭിചാരത്തിലും വിശ്വസിച്ചിരുന്ന സമൂഹം. ആദ്യകാലങ്ങളിൽ അലോപ്പതി, ഹോമിയോ ചികിത്സകളിൽ വിശ്വാസമില്ലാത്തവരായിരുന്നു ജനതതി. മരണം സംഭവിച്ചാൽ മൃതദേഹം ദൂരെയെറിഞ്ഞുകളയുന്ന ആചാരം. മൃതദേഹങ്ങൾ സംസ്കരിക്കാൻ മാത്രമല്ല ശവപ്പെട്ടി നിർമിക്കാൻവരെ പഠിപ്പിച്ച അനുഭവങ്ങൾ ആദ്യകാല മിഷനറിമാർക്കു പറയാനുണ്ട്.
ദേവാലയങ്ങൾ കേന്ദ്രീകരിച്ച് വൈദികരും സന്യസ്തരും സ്കൂളുകൾ തുറന്നു. ഓരോ ഗ്രാമവും തമ്മിൽ പത്തും പതിനഞ്ചും കിലോമീറ്റർ വരെയായിരുന്നു അകലം. ഓരോ ഗ്രാമത്തെയും വേർതിരിച്ചിരുന്നത് പർവതസമാനമായ കുന്നുകളും മലകളും നിറഞ്ഞൊഴുകുന്ന പുഴകളുമൊക്കെയായിരുന്നു. ഗ്രാമങ്ങളിൽ സുരക്ഷിതമായ വീടും വൈദ്യുതിയും വാഹനവും റോഡുമുണ്ടായിരുന്നില്ല.
കോളറക്കാലത്തെ സഹനം
അരുണാചൽ പ്രദേശിലെ കൊളോറിയാംഗ് പ്രദേശത്ത് കോളറ പടർന്ന് നൂറു കണക്കിന് ദേശവാസികൾ മരണമടഞ്ഞ ദാരുണ സാഹചര്യം. ഡോക്ടർമാരും നഴ്സുമാരും വരെ ഭയന്ന് അവിടം വിട്ടോടിയപ്പോൾ മലയാളിയായ ഫാ. ഫ്രാൻസിസ് തോട്ടത്തിമ്യാലിലിന്റെ ധീരമായ നേതൃത്വത്തിൽ സേവനസന്നദ്ധരായ വൈദികരും കന്യാസ്ത്രീകളും കോളോറിയാംഗിൽ എത്തി ചികിത്സ നൽകി ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ധീരത എക്കാലവും സ്മരണീയമാണ്.
മേഘാലയത്തിലെ കുഷ്ഠരോഗ കോളനി എന്ന് അറിയപ്പെട്ടിരുന്ന ട്യൂറ പ്രദേശത്ത് മിഷനറിമാർ കാലങ്ങളോളം ചികിത്സയും പുനരധിവാസവും നൽകി അവിടം രോഗവിമുക്തമാക്കി. ഗോത്രങ്ങളുടെ തനിമയാർന്ന വിശ്വാസങ്ങളും ആചാരങ്ങളും ഈ പ്രദേശങ്ങളെ പിന്നോട്ടടിച്ചത് നൂറ്റാണ്ടുകളാണ്. അവരെ അറിഞ്ഞ്, അവരുടെ സംസ്കാര വൈവിധ്യങ്ങളെ ആദരിച്ച് പുരോഗതിയിലേക്കു കൈപിടിച്ചു നയിച്ചതിൽ സലേഷ്യൻസിനുള്ള പങ്ക് പ്രഥമഗണനീയമാണ്.
കൃഷിക്ക് എന്ന പേരിൽ ഒരു വനമോ മലയോ അപ്പാടെ വെട്ടി തീയിടുന്നതായിരുന്നു ഗോത്രവാസികളുടെ പതിവ്. അവിടെ ഒന്നോ രണ്ടോ തവണ കൃഷി നടത്തിയശേഷം അടുത്ത മല ചാന്പലാക്കി താമസവും കൃഷിയും അവിടേക്കു മാറ്റും. നായാടികളും നാടോടികളുമായി ജിവിച്ചിരുന്ന സമൂഹം സന്പൂർണ നിരക്ഷരരായിരുന്നു. ഇവരുടെ കുട്ടികളെ ദത്തെടുത്ത് പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുകയും ഹോസ്റ്റലുകളിൽ പാർപ്പിക്കുകയും ചെയ്താണ് സാക്ഷരത ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത്.
കഴിഞ്ഞ നൂറ്റാണ്ടിൽ പരമദയനീയമായിരുന്നു ഗോത്രങ്ങളുടെ ആരോഗ്യനിലവാരം. ശിശുമരണം സംഭവിക്കാത്ത വീടുകൾ കുറവ്. ക്ഷയം, കുഷ്ഠം തുടങ്ങിയ രോഗങ്ങൾ വ്യാപകം. ജലജന്യരോഗങ്ങളിൽ കൂട്ടമരണം പതിവുസംഭവം. പാന്പുകളുടെയും വന്യമൃഗങ്ങളുടെയും കടിയേൽക്കുന്നതും പതിവായിരുന്നു. മദ്യവും ലഹരിയും വ്യാപകം.
ഇവരെ ചികിത്സിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് വൈദികരും സിസ്റ്റേഴ്സും സന്യാസ സഹോദരങ്ങളും ഏറ്റെടുത്തത്. ഗോത്രവാസികളുടെ പാർപ്പിടങ്ങളോടു ചേർന്ന് രോഗം പടർത്തുന്ന ശൗചാലയങ്ങളും തൊഴുത്തുകളും സാധാരണമായിരുന്നു.
ഭാഷ, കല, ഭക്ഷണം, പാരന്പര്യം, സംസ്കാരം എന്നിവയിലെ നൻമയെയും തനിമയെയും പോഷിപ്പിക്കുകയും തെറ്റുകളെ തിരുത്തുകയും ചെയ്തു. വേഷത്തിലും ഭാഷയിലും ജീവിതശൈലിയിലും പങ്കുചേർന്നാണ് മിഷനറിമാർ ഇവരുടെ സാഹോദര്യത്തിൽ ഒന്നായിത്തീർന്നത്. ശൈശവവിവാഹം, ബഹുഭാര്യാത്വം, ബഹു ഭർതൃത്വം, മന്ത്രവാദം തുടങ്ങിയവയിൽ നിന്ന് ജനതതിയെ മോചിപ്പിക്കുകയെന്ന ദുഷ്കരമായ ദൗത്യവും ഏറ്റെടുത്തു. ഇരട്ടക്കുട്ടികളുണ്ടായാൽ ഇരുകുട്ടികളെയും കൊന്നുകളയുന്ന ദുരാചാരം ചില ഗോത്രങ്ങളിലുണ്ടായിരുന്നു.
സഹനപാതകളിലൂടെയായിരുന്നു മിഷനറിമാരുടെ ജീവിതസഞ്ചാരം. നേരിന്റെയും നൻമയുടെയും ദേശസ്നേഹത്തിന്റെയും പാതയിൽ ജനതതിയെ നയിക്കാൻ സ്വയം സമർപ്പിതരായ നിരവധി വൈദികർ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. ഒട്ടേറെപ്പേർ മലന്പനി ഉള്പ്പെടെ രോഗങ്ങൾക്കിരയായി ജീവൻ സമർപ്പിച്ചിട്ടുണ്ട്.
ഗോത്രഭാഷകൾക്ക് ലിപിയുണ്ടാക്കുക മാത്രമല്ല ആ ലിപിയിൽ പുസ്തങ്ങളെഴുതിയതും പത്രമാധ്യമങ്ങൾ അരംഭിച്ചതും മിഷനറിമാരാണ്. ബൈബിളും ആരാധനാക്രമവും ഇവരുടെ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തു. നിഘണ്ഡു തയാറാക്കി. ഗോത്ര സംസ്കാരവും ചരിത്രവും പാരന്പര്യവും പഠിച്ച് മിഷനറിമാർ എഴുതിയ ഗ്രന്ഥങ്ങൾ സ്കൂളുകളിലും കോളജുകളിലും പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടു.
നാലു മെത്രാൻമാരും 464 വൈദികരും 18 ഡീക്കൻമാരും വൈദിക വിദ്യാർഥികളും ഉൾപ്പെടെ 860 മിഷനറിമാർ സലേഷ്യൻ പ്രോവിൻസുകളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. വിദേശങ്ങളിൽനിന്നും ഇവിടെയെത്തി പ്രാദേശിക സംസ്കാരവുമായി ഇണങ്ങി നാടിനും ജനതയ്ക്കുമായി ജീവിതമർപ്പിച്ചത് 175 മിഷനറിമാരാണ്. ഇവരിൽ നാലു പേരൊഴികെ എല്ലാവരും സേവനവീഥിയിൽ ജീവനർപ്പിച്ചവരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നായി 276 വൈദികർ ഇവിടെ ശുശ്രൂഷ ചെയ്യുന്പോൾ, 119 വൈദികർ നോർത്ത് ഈസ്റ്റിൽ നിന്നു തന്നെയുള്ളവരാണ്. അരമനകളുടെ പുറത്ത് ഗോത്രവാസികൾക്കൊപ്പം താമസിച്ച് അവരെ ഉയർച്ചയിലേക്കു നയിച്ചവരാണ് സലേഷ്യൻ മെത്രാൻമാർ.
ഡോ. ലൂയിസ് മത്തിയാസ്, ഡോ. സ്്റ്റീഫൻ ഫെറാൻഡോ, ഡോ. ഒറെസ്റ്റസ് മറെങ്ഗോ, ഡോ. ഹുബർട്ട് ഡി. റൊസാരിയോ, ഡോ. റോബർട്ട് കെർകെറ്റ, ഡോ. മത്തായി കൊച്ചുപറന്പിൽ, ഡോ. എബ്രഹാം ഇലഞ്ഞിമറ്റത്തിൽ, ഡോ. തോമസ് മേനാംപറന്പിൽ, ഡോ. ജോസഫ് അയിൻഡ്, ഡോ. താർസിയൂസ് റെസ്റ്റോ, ഡോ. ഡൊമിനിക് ജാല, ഡോ. ജോർജ് പള്ളിപ്പറന്പിൽ, ഡോ. ഡെന്നീസ് പനിപിറ്റ്ചായ് എന്നീ സലേഷ്യൻ സഭാ ബിഷപ്പുമാർ ഇവരെ ഉന്നമനത്തിലേക്ക് നയിച്ചു. ഇവർക്കൊപ്പം വിവിധ സന്യാസ സമൂഹങ്ങളിലേയും വൈദികരും സന്യസ്തരും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനതതിയുടെ ഉന്നമനത്തിനായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോൾ തക്കല രൂപതാധ്യക്ഷനായ സലേഷ്യൻ സഭാംഗം മാർ ജോർജ് രാജേന്ദ്രൻ മുൻപ് ഷില്ലോംഗിലെ സെന്റ് ആന്റണീസ് സ്കൂൾ പ്രിൻസിപ്പലായിരുന്നു.
കാലത്തിന്റെ പുരോഗതിക്കനുസരിച്ച് പ്രവർത്തനശൈലിയും മാറ്റാൻ വിശുദ്ധ ഡോണ് ബോസ്കോയുടെ മക്കൾ ബദ്ധശ്രദ്ധരാണ്. നവീന വിഷയങ്ങൾ തങ്ങളുടെ യൂണിവേഴ്സിറ്റിയിലും കോളജുകളിലും ഉൾപ്പെടുത്തി പുതുതലമുറയ്ക്ക് അവസരമൊരുക്കുകയാണിവർ. വിവിധ ഗോത്രഭാഷാപഠനസഹായികളായി നവീനമായ കംപ്യൂട്ടർ ആപ്ലിക്കേഷനുകളും ഇതര മാധ്യമസംവിധാനങ്ങളും നിലവിലുണ്ട്. 19 ഭാഷകൾ കോർത്തിയിണക്കി വിശുദ്ധ ബൈബിൾ അവതരിപ്പിക്കുന്ന ബൈബിൾ ഇൻ ടങ്സ് എന്ന ആപ്പ് പുറത്തിറക്കുന്നുണ്ട്. സലേഷ്യൻ സഭയുടെ നൂറുവർഷ സേവനങ്ങൾ വിശദമാക്കുന്ന സ്മരണികാഗ്രന്ഥം രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിവിധ സംസ്കാരവൈവിധ്യങ്ങളുടെ മഹാമ്യൂസിയമായ ഈ സംസ്ഥാനങ്ങളിൽ, തനിമ ചോരാതെ പുരോഗതിയുടെ പാത തുറക്കുന്ന ഡോണ് ബോസ്കോ വൈദികരുടെ പ്രവർത്തനങ്ങൾ അതിശ്രേഷ്ഠമാണ്. നവസമൂഹസൃഷ്ടിയിലൂടെ രാഷ്ട്രനിർമിതിയിൽ പങ്കുചേരുന്ന മഹാപ്രതിഭകളെ സൃഷ്ടിക്കാൻ ഇനിയും സലേഷ്യൻ സന്യാസ സമൂഹത്തിനു കഴിയും; തീർച്ച!
ഫാ. ജോസുകുട്ടി മഠത്തിപ്പറന്പിൽ എസ്ഡിബി