മണ്ണുമാന്തിയന്ത്രങ്ങൾ രൂപകല്പന ചെയ്യുന്നതിൽ അതിവിദഗ്ധനായിരുന്നു റോബർട്ട് ഗിൽമോർ ലെറ്റേർണോ (1888-1969). "ദി ഡീൻ ഓഫ് എർത്ത് മൂവിംഗ് ’ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പേരിൽ മുന്നൂറിലധികം പേറ്റന്റുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികൾ ഉപയോഗിച്ച മണ്ണുമാന്തിയന്ത്രങ്ങളിൽ എഴുപതു ശതമാനവും ലെറ്റേർണോയുടെ ഫാക്ടറികൾ നിർമിച്ചവയായിരുന്നു.
അമേരിക്കയിലെ വെർമോണ്ട് സംസ്ഥാനത്തെ റിച്ചമണ്ട് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. പതിനാലു വയസുവരെ ലെറ്റേർണോ സ്കൂളിൽ പഠിച്ചു. അതിനുശേഷം പലവിധത്തിലുള്ള ജോലികൾ ചെയ്തു. അതിനിടെ മെക്കാനിക്കൽ തൊഴിലുകളെക്കുറിച്ച് ഒരു കറസ്പോണ്ടൻസ് കോഴ്സ് ചെയ്തെങ്കിലും അതു പൂർത്തിയാക്കാനായില്ല. പിന്നീട് ഓട്ടോമൊബൈൽ കറസ്പോണ്ടൻസ് കോഴ്സ് പഠിച്ചു പാസായി. ഇത്രയുമൊക്കെ ആയിരുന്നു ലെറ്റേർണോയുടെ വിദ്യാഭ്യാസ പശ്ചാത്തലം.
എന്നാൽ, അതിവിദഗ്ധരായ എൻജിനിയർമാർക്കുപോലും സാധിക്കാത്ത രീതിയിൽ എർത്ത് മൂവിംഗ് യന്ത്രങ്ങൾ രൂപകല്പന ചെയ്ത് നിർമിക്കാൻ അദ്ദേഹത്തിനു സാധിച്ചു. തൻമൂലം നിരവധി പ്രശസ്ത അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. എന്നാൽ, ലെറ്റേർണോ ശോഭിച്ചതു മണ്ണുമാന്തിയന്ത്രങ്ങൾ നിർമിക്കുന്നതിൽ മാത്രമായിരുന്നില്ല. ആ യന്ത്രങ്ങൾ നിർമിച്ചതുവഴി ലഭിച്ച സന്പത്ത് വിശ്വസ്തതയോടെ വിനിയോഗിക്കുന്നതിലും അദ്ദേഹം പ്രശോഭിച്ചു.
ലെറ്റേർണോ തന്റെ ബിസിനസിലൂടെ കോടിക്കണക്കിനു ഡോളർ സന്പാദിച്ചു. എന്നാൽ, ആ പണം മുഴുവനും തന്റെ പിൻതലമുറകൾക്കുവേണ്ടി മാത്രം വിനിയോഗിക്കാനല്ല ശ്രമിച്ചത്. അതിനു പകരം, തന്റെ സന്പത്തിന്റെ തൊണ്ണൂറു ശതമാനവും സമൂഹത്തിന്റെ നൻമയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ചെലവഴിക്കുകയാണു ചെയ്തത്.
""ഞാൻ പണം വാരിക്കോരി കൊടുക്കുന്നു,’’ ലെറ്റേർണോ ഒരിക്കൽ എഴുതി, ""എന്നാൽ ദൈവം അതെല്ലാം വാരിക്കോരി എനിക്കു തിരിച്ചുതരുന്നു.’’ ലെറ്റേർണോ പണം നല്ലകാര്യങ്ങൾക്കായി വിനിയോഗിച്ചതുകൊണ്ട് അദ്ദേഹത്തിന് ഒരു കുറവുമുണ്ടായില്ല. എന്നു മാത്രമല്ല, ഇഹലോകത്തിലും പരലോകത്തിലും അദ്ദേഹത്തിന്റെ സന്പത്ത് വർധിച്ചതേയുള്ളൂ.
ലെറ്റേർണോയെപ്പോലെ നമുക്കും പണമുണ്ടെങ്കിൽ നാമും അതുപോലെ ചെയ്യുമെന്ന് നമ്മൾ പറഞ്ഞേക്കാം. ഒരുപക്ഷേ നാം അങ്ങനെ പറയുക മാത്രമല്ല, അതുപോലെ ചെയ്തെന്നുമിരിക്കും. പക്ഷേ, അത് ഉറപ്പുവരുത്തണമെങ്കിൽ ഇപ്പോൾ നമുക്കുള്ളതിന്റെ ഓഹരി നാം പങ്കുവച്ചു കാണിക്കണം. പ്രത്യേകിച്ചും ദരിദ്രരെ സഹായിക്കുന്ന കാര്യത്തിൽ.
ദാനധർമം ചെയ്യുക എന്നുള്ളത് നമ്മുടെഎല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. പ്രത്യേകിച്ചും നോന്പ് ആചരിക്കുന്ന അവസരത്തിൽ. എന്നാൽ, നോന്പുകാലത്ത് പ്രാർഥനയിലും ഉപവാസത്തിലും കൂടുതൽ ശ്രദ്ധിക്കുന്നതുപോലെ ദാനധർമത്തിൽ നാം ശ്രദ്ധിക്കുന്നുണ്ടോ എന്നു സംശയിക്കണം. നമ്മിൽ പലരെ സംബന്ധിച്ചിടത്തോളം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണിത്.
ബി.സി.721-ൽ നിനിവേയിലേക്കു നാടുകടത്തപ്പെട്ട യഹൂദരുടെ ഗണത്തിൽപ്പെട്ട ഒരുവനായിരുന്നു തോബിത്. അദ്ദേഹം തന്റെ മകനായ തോബിയാസിനു നൽകിയ ഉപദേശത്തിൽ ഇപ്രകാരം പറയുന്നു, ""ദാനധർമം ചെയ്യുന്നതിൽ നീ മടികാണിക്കരുത്. പാവപ്പെട്ടവനിൽനിന്നു മുഖംതിരിച്ചുകളയരുത്. അപ്പോൾ ദൈവം നിന്നിൽനിന്നു മുഖം തിരിക്കുകയില്ല. സന്പത്ത് ഏറുന്പോൾ അതനുസരിച്ചു ദാനം ചെയ്യുക. കുറച്ചേ ഉള്ളൂവെങ്കിൽ അതനുസരിച്ചു ദാനം ചെയ്യാൻ മടിക്കരുത്’’ (തോബിത് 4, 7-9).
നമുക്കെല്ലാവർക്കും സ്വീകരിച്ചു പ്രാവർത്തികമാക്കാവുന്ന വിശിഷ്ടമായ ഉപദേശമാണിത്. കാരണം, ദൈവവചനം പറയുന്നതനുസരിച്ച്, ""ദാനധർമം അത്യുന്നതന്റെ സന്നിധിയിൽ വിശിഷ്ടമായ കാഴ്ചയാണ്.’’ (തോബിത് 4:11). ആ കാഴ്ച നൽകുന്നതുമൂലം നമുക്ക് ലഭിക്കുന്ന ഫലം എന്താണെന്നു വിശുദ്ധഗ്രന്ഥം പറയുന്നുണ്ട്.
ബൈബിളിലെ പ്രഭാഷകൻ എന്ന ഗ്രന്ഥത്തിൽ നാം ഇപ്രകാരം വായിക്കുന്നു, ""ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധർമം പാപത്തിനു പരിഹാരമാണ്.’’ (3:30) അതുപോലെ, "" ദാനധർമം സകല പാപങ്ങളും തുടച്ചുനീക്കുന്നു’’ എന്നും വിശുദ്ധഗ്രന്ഥം പറയുന്നു. (തോബിത് 12:9) ""ദരിദ്രരോട് ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്, അവിടുന്ന് ആ കടം വീട്ടും.’’ എന്നും സുഭാഷിതങ്ങളിൽ നാം വായിക്കുന്നു (19:17). കർത്താവ് എങ്ങനെയാണ് ആ കടം വീട്ടുന്നത്. അതറിയണമെങ്കിൽ വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിലെ ഇരുപത്തിയഞ്ചാം അധ്യായം വായിച്ചാൽ മതി.
അന്തിമവിധിദിവസത്തിൽ കർത്താവ് ആ കടം വീട്ടുന്നത് ഇപ്രകാരമായിരിക്കും. അന്ന് തന്റെ വലതുഭാഗത്ത് നിൽക്കുന്നവരോട് ഇപ്രകാരം കർത്താവ് പറയും, ""എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ. ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. എന്തെന്നാൽ എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്കു ദാഹിച്ചു, നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു, നിങ്ങൾ എന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു, നിങ്ങൾ എന്റെയടുത്തു വന്നു.’’ (25:3436).
എങ്ങനെയാണ് അവർ കർത്താവിനെ സഹായിച്ചതെന്നും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്. ""എന്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്.’’ (മത്തായി 25:40). അതേ, നാം ആരെ സഹായിച്ചാലും ആ സഹായം യഥാർഥത്തിൽ സ്വീകരിക്കുന്നതു കർത്താവാണ്. തന്മൂലം, നമ്മൾ ചെയ്യുന്ന സഹായം ഒരിക്കലും വ്യർഥമായിപ്പോകില്ല. അതായത്, ദൈവം നമ്മിൽനിന്നു മുഖം തിരിക്കുകയില്ല എന്നു വ്യക്തം. എന്നു മാത്രമല്ല അവിടുന്ന് നമ്മെ നിത്യസൗഭാഗ്യം നൽകി അനുഗ്രഹിക്കുകയും ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ