മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ലക്ഷത്തി മുപ്പതിനായിരം വർഷം മുന്പ് ജീവിച്ചിരുന്ന നിയാണ്ടർത്താൽ മനുഷ്യർ ആചാരവിധികളോടെ സംസ്കാരം നടത്തിയിരുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കാലാകാലങ്ങളായി മനുഷ്യരെ അടക്കിയിരുന്ന കല്ലറകളിൽ ഒരെണ്ണത്തിൽനിന്നു ലോകം കേട്ടിട്ടുള്ള ഏറ്റവും വലിയ വാർത്ത ഒരിക്കൽ പുറത്തുവന്നു.
ആ വർത്ത ഇതായിരുന്നു. കുരിശിൽ മരിച്ച് അടക്കപ്പെട്ട നസ്രായനായ ഈശോയുടെ കല്ലറ മൂന്നാം ദിവസം സന്ദർശിച്ചവർ അതു ശൂന്യമായി കണ്ടെത്തിയത്രെ! അതിന്റെ കാരണമോ? മനുഷ്യരുടെ പാപങ്ങൾക്കു വേണ്ടി പീഡകൾ സഹിച്ചു കുരിശിൽ മരിച്ച് അടക്കപ്പെട്ട യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നതുതന്നെ.
അന്പരപ്പോടെ
ഈശോ മരിച്ചതിന്റെ മൂന്നാം ദിവസം അതിരാവിലെ യേശുവിന്റെ കല്ലറ സന്ദർശിച്ച് അവിടത്തെ മൃതശരീരത്തിൽ സുഗന്ധവസ്തുക്കൾ പൂശാൻ എത്തിയ സ്ത്രീകൾ കണ്ടത് കല്ലറ അടച്ചുവച്ചിരുന്ന കല്ല് ഉരുട്ടി മാറ്റി വച്ചിരിക്കുന്നതായിട്ടാണ്. അവർ അകത്തു കടന്നു നോക്കിയപ്പോൾ ഈശോയുടെ മൃതശരീരം അവിടെ കാണാനില്ലായിരുന്നു.
തന്മൂലം അന്പരന്നു നിന്ന ആ സ്ത്രീകൾക്കു രണ്ടു ദൈവദൂതന്മാർ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: ""ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നത് എന്തിന്. അവൻ ഇവിടെയില്ല, അവൻ ഉയിർപ്പിക്കപ്പെട്ടു!'' (ലൂക്ക. 24:25).
അതെ, ആ കല്ലറയിൽനിന്നു പുറത്തുവന്ന വാർത്ത ഇതായിരുന്നു. ദൈവപുത്രനായ മിശിഹാ മരണശേഷം ഉത്ഥാനം ചെയ്തു.
ലോകം അതുവരെയോ ഇന്നുവരെയോ കേട്ടിട്ടില്ലാത്ത അതിസുപ്രധാനമായ വാർത്തയായിരുന്നു ഈശോയുടെ ഉത്ഥാനം. അതു വെറുമൊരു വാർത്തയായിരുന്നില്ല. പ്രത്യുത, മനുഷ്യകുലത്തിനു മുഴുവൻ ഈ ലോകത്തിൽ പുനർജീവനും പരലോകത്തിൽ നിത്യജീവനും പ്രതീക്ഷ നൽകുന്ന ഏറ്റവും വലിയ മഹത് സംഭവമായിരുന്നു അത്.
കർദിനാളും ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്റർ അതിരൂപതയുടെ ആർച്ച്ബിഷപ്പുമായിരുന്ന ബേസിൽ ഹ്യൂം (1923-1999) എഴുതിയിട്ടുള്ള പോലെ, കർത്താവിന്റെ ഉത്ഥാനം നമുക്കു നൽകുന്ന ഏറ്റവും വലിയ സമ്മാനം പ്രതീക്ഷയാണ്. നമ്മെ സംബന്ധിച്ചുള്ള ദൈവത്തിന്റെ പരിപാലനയിലും സ്നേഹത്തിലും ആശ്രയിക്കാൻ നാളെ സജ്ജമാക്കുന്ന പ്രതീക്ഷ.
ആ പ്രതീക്ഷയുടെ അടിസ്ഥാനം ഈശോയുടെ ഉത്ഥാനവും അവിടത്തെ വാഗ്ദാനവുമാണ്. മരിച്ചുപോയ തന്റെ സുഹൃത്തായ ലാസറിനെ ഉയിർപ്പിക്കുന്നതിന് മുൻപ് ഈശോ പറഞ്ഞു: ""പുനരുത്ഥാനവും ജീവനും ഞാനാണ്. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും'' (യോഹ. 11:25). ഈ വാഗ്ദാനവും ഉത്ഥാനവുമാണ് നിത്യജീവൻ ലഭിക്കുമെന്നുള്ള നമ്മുടെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. തന്മൂലം ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനംതന്നെ ഈശോയുടെ ഉത്ഥാനമാണ്.
പൗലോസിന്റെ മാറ്റം
വിശുദ്ധ പൗലോസ് അപ്പസ്തോലൻ പറയുന്നു: ""മിശിഹാ ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം'' (2 കോറി). അതായത് യേശുവിന്റെ ഉത്ഥാനത്തിലാണ് ക്രൈസ്തവ വിശ്വാസം നിലനിൽക്കുന്നതെന്നു വ്യക്തം.
അപ്പസ്തോലന്മാരായ പത്രോസും പൗലോസുമൊക്കെ സുവിശേഷം പ്രഘോഷിച്ചപ്പോൾ അതിന്റെ കാതൽ ഇപ്രകാരമായിരുന്നു: ""ഈശോ കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രാപിക്കും'' (റോമ 10:9).
കർത്താവിന്റെ ഉത്ഥാനം സാക്ഷ്യപ്പെടുത്തുന്ന പൗലോസ് ഒരു കാലത്ത് അവിടത്തെ അനുയായികളെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ ഒരു ഫരിസേയനായിരുന്നു. എന്നാൽ, ഉത്ഥിതനായ മിശിഹായുടെ ദർശനം ഉണ്ടായപ്പോൾ പൗലോസ് മാനസാന്തരപ്പെട്ടു ഈശോയുടെ ഏറ്റവും വലിയ പ്രഘോഷകനായി മാറി.
അതു മാത്രമോ ? യേശുവിന്റെ നാമത്തെ പ്രതി എന്തുമാത്രം കഷ്ടപ്പാടുകളാണ് അദ്ദേഹം സഹിച്ചത്. ആ ചരിത്രം കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽ പതിനൊന്നാം അധ്യായത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.
പൗലോസ് അപ്പസ്തോലനും മറ്റ് അപ്പസ്തോലൻമാരും ഈശോയെ പ്രതി സഹിക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തെങ്കിൽ അതിന്റെ കാരണം ഈശോയുടെ ഉത്ഥാനവും അതുപോലെ , നമുക്കു നിത്യജീവൻ നൽകുമെന്ന വാഗ്ദാനവുമായിരുന്നു. ചിലിയൻ നോവലിസ്റ്റും കവിയും നോബൽ അവാർഡ് ജേതാവുമായ പാബ്ലോ നെരൂദ ഒരിക്കൽ എഴുതി : ""എല്ലാ പുഷ്പങ്ങളെയും നിങ്ങൾക്കു മുറിച്ചുമാറ്റാം. എന്നാൽ, വസന്തം വരുത്തുന്നത് നിങ്ങൾക്കു തടയാനാകില്ല.''
ഇതുതന്നെയാണ് ഉത്ഥിതനായ ഈശോയിൽ വിശ്വസിക്കുന്നവരുടെയും അവസ്ഥ. ജീവതത്തിൽ എന്തെല്ലാം ക്ലേശങ്ങളും സഹനങ്ങളുമുണ്ടായാലും അവയൊന്നും അവരുടെ ജീവിതത്തിലെ വസന്തം തടസപ്പെടുത്തുന്നില്ല. കാരണം, അവർ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് എന്നും ജീവിക്കുന്നവനായ ഈശോയിലാണ്.
ഈശോ പറഞ്ഞിരിക്കുന്നതുപോലെ, അവിടന്ന് ലോകത്തിന്റെ പ്രകാശമാണ് (യോഹ. 8:12). വഴിയും സത്യവും ജീവനുമാണ്. അവിടത്തെ അനുഗമിക്കുന്നവർ ഒരിക്കലും അന്ധകാരത്തിൽ നടക്കുന്നില്ല. അവന് ജീവന്റെ പ്രകാശമുണ്ടാകും.
ഈശോയുടെ ഉത്ഥാനം അനുസ്മരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്പോൾ ഈ ലോകത്തിൽ നവജീവനും വരാനിരിക്കുന്ന ലോകത്തിൽ നിത്യജീവനും വാഗ്ദാനം ചെയ്യുന്ന അവിടത്തെ വഴിയിലൂടെ നാം നടക്കുന്നുവെന്ന് നമുക്ക് ഉറപ്പാക്കാം. പ്രകാശപൂരിതമായ ആ വഴിയിലൂടെ നടക്കുന്പോഴാണ് ഈശോയുടെ ഉത്ഥാനം നമുക്കു നൽകുന്ന പ്രതീക്ഷ യഥാർഥത്തിൽ പൂവണിയുന്നത്. എല്ലാവർക്കും ഉയിർപ്പു തിരുനാൾ മംഗളങ്ങൾ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ