മരുഭൂമിയിലെ വസന്തകാലം
Sunday, April 10, 2022 1:57 AM IST
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണുള്ളത്. ജോർദാൻ സമതലത്തോടു ചേർന്നുകിടക്കുന്ന സമരിയൻ മരുഭൂമിയും ജെറൂസലെമിനു കിഴക്കുള്ള യൂദയൻ മരുഭൂമിയും യുദയൻ മലനിരകൾക്കു തെക്കായി കിടക്കുന്ന നെഗെവ് മരുഭൂമിയും. നെഗെവ് മരുഭൂമിയുടെ ഭാഗങ്ങളാണ് സിൻ, പാറാൻ എന്നിങ്ങനെ അറിയപ്പെടുന്നത്. ഈ പേരുകളെല്ലാം ബൈബിളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളവയാണ്.
നെഗെവിൽ അബ്രാഹമും ഇസഹാക്കും താമസിച്ചിട്ടുണ്ട്. മോശയുടെ നേതൃത്വത്തിൽ ഇസ്രായേൽ ജനത സിൻ മരുഭൂമിയിലൂടെ കടന്നുപോയി. ദാവീദ് യൂദയൻ, പാറാൻ മരുഭൂമികളിൽ ഒളിച്ചുപാർത്തു. യൂദയായിലെ മലന്പ്രദേശത്താണ് എലിസബത്തും സഖറിയായും താമസിച്ചിരുന്നത്. ആ മലനാട്ടിലെങ്ങും യോഹന്നാന്റെ ജനനവാർത്ത സംസാരവിഷയമായി. യൂദയൻ മരുഭൂമിയിലാണ് ഈശോ പ്രലോഭിപ്പിക്കപ്പെട്ടതും. ഇക്കാരണങ്ങളാലാണല്ലോ ഇസ്രായേൽ വിശുദ്ധ നാട് എന്നറിയപ്പെടുന്നത്.
ഇസ്രായേലിലെ മരുഭൂമികൾ മണൽക്കാടുകളല്ല, കല്ലുകൾ നിറഞ്ഞ കുന്നുകളുടെ നിമ്നോന്നതങ്ങൾ ചക്രവാളം വരെ നീളുന്ന ഉൗഷരഭൂമിയാണ്. പത്തുമാസവും മഴയോ പച്ചപ്പോ ഇല്ലാത്ത വരണ്ട ഭൂമി. പകൽ കൊടുംചൂടും രാത്രിയിൽ തണുപ്പും. എന്നാൽ ഹേമന്തത്തിനുശേഷം, ശൈത്യകാലമഴ കിട്ടിക്കഴിഞ്ഞ് വസന്താഗമനത്തിൽ ഈ മരുഭൂമികളെല്ലാം പച്ചപ്പട്ടണിയും.
വസന്തകാലവൃഷ്ടിയേറ്റ് ഉള്ളം കുളിർന്ന മരുഭൂമി ഒരു വർഷം മുഴുവൻ കാത്തുവച്ചിരുന്ന വിത്തുകളെ മുളപ്പിക്കും. മരുഭൂമി മലർവാടിയാകും. പ്രകൃതിയുടെ സമസ്ത നിറഭംഗികളും വസന്തോത്സവത്തിനായി സംഗമിക്കുന്ന പൂക്കാലം! ഒരു ചതുരശ്രമീറ്ററിൽ ഏറ്റവും വ്യത്യസ്തമായ ഇനങ്ങളിൽപ്പെട്ട ഏറ്റവുമധികം പൂക്കൾ വിരിയുന്നതിനുള്ള റിക്കോർഡ് നെഗെവ് മരുഭൂമിക്കാണ്.
മരുഭൂമി അതിവേഗം മരുപ്പച്ചയാകുന്നതിന്റെ ഈ സുന്ദരദൃശ്യം ബൈബിളിലെ പ്രവാചകൻമാർ കാണുന്നത് ആസന്നമായ വിമോചനത്തിന്റെയും ഐശ്വര്യത്തിന്റെയും സൂചനയായാണ്. പുഷ്പിക്കുന്ന ബദാം ശിഖരം കാണുന്ന ജറമിയായ്ക്ക് തന്റെ വാക്കുകൾ സാക്ഷാത്കരിക്കാൻ താൻ വിളംബരം വരുത്തുകയില്ലെന്ന ദൈവിക അരുളപ്പാടുണ്ടാകുന്നു. ശൈത്യകാലനിദ്രയ്ക്കുശേഷം തിരക്കുകൂട്ടി ആദ്യം പുഷ്പിക്കുന്നത് ബദാം മരമാണ്. (ജാഗ്രതാവൃക്ഷം എന്നു മലയാള വിവർത്തനം).
ഏശയ്യാ പ്രവാചകൻ പറയുന്നു: ’വിജനദേശവും വരണ്ട പ്രദേശവും സന്തോഷിക്കും. മരുഭൂമി ആനന്ദിക്കുകയും പുഷ്പിക്കുകയും ചെയ്യും. കുങ്കുമച്ചെടിപോലെ, സമൃദ്ധമായി പൂവിട്ട് അതു പാടി ഉല്ലസിക്കും. ലബനോന്റെ മഹത്വവും കാർമലിന്റെയും ഷാരോന്റെയും പ്രതാപവും അതിനു ലഭിക്കും’ (35: 12).
യൂദയ, സമരിയ പ്രദേശങ്ങൾ ഒന്നിക്കുന്ന ’സങ്കീർത്തനങ്ങളുടെ താഴ് വര ’ വസന്തകാലത്ത് ഹൃദയാവർജ്ജകമായിത്തീരുന്നു. ദാവീദ് രാജാവ് ആടുകളെ മേച്ചിരുന്നതും തന്റെ കിന്നരം മീട്ടിയിരുന്നതും ദൈവസ്തുതികൾ സങ്കീർത്തനങ്ങളായി വാർന്നൊഴുകിയതും ഇവിടെവച്ചാണത്രെ.
ഈ താഴ്വര കാണാൻ, വർണ്ണവൈവിധ്യത്തിന്റെ ഈ കലപിലയിൽ ഹൃദയം വ്യാമുഗ്ധമാക്കാൻ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്രയാളുകളാണ് വരുന്നത്. സങ്കീർത്തനങ്ങളുടെ അഭൗമസ്വരവീചികൾ അലയടിക്കുന്ന ഈ സ്വപ്നഭൂമിയിൽ അല്പനേരം. മരുപ്രദേശത്തെ സമൃദ്ധി ചൊരിയുന്ന പുൽപുറങ്ങളുടെയും സന്തോഷമണിയുന്ന കുന്നുകളുടെയും ആനന്ദലഹരി.... യഹൂദരുടെ പെസഹാതിരുനാൾ അടുത്തുവരുന്നു. മരണത്തിൽനിന്നു പുതുജീവൻ മുളയെടുക്കുന്നു എന്നുദ്ഘോഷിക്കുന്ന ക്രൈസ്തവരുടെ ഉയിർപ്പുതിരുനാളും...
എഴുത്തും ചിത്രങ്ങളും
അരിയേൽ സിയോൻ
(ഹെബ്രോൻ, ഇസ്രായേൽ)