വള്ളം കെട്ടുകാരുടെ പെരുമ
Sunday, March 26, 2023 12:25 AM IST
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കരുത്തും തഴക്കവുമായിരുന്നു കുട്ടനാടിനെ ചലിപ്പിച്ചിരുന്നത്.
വള്ളങ്ങൾക്ക് എക്കാലവും പെരുമയുള്ള നാടാണ് കുട്ടനാട്. കായലും തോടും അതിരിടുന്ന ഓരോ വീടിനു മുന്നിലുണ്ടാകുമൊരു വള്ളം. വള്ളത്തിന്റെ ചാരുത ഓരോ വീടിന്റെയും പെരുമ വിളിച്ചറിക്കുന്നതാണ്. വെള്ളവും വിറകും മറ്റുമായി കുട്ടികൾ വരെ കൊതുന്പുവള്ളം തുഴഞ്ഞുവരുന്ന കാഴ്ച. വീടിനു പുറത്തേക്കുള്ള എല്ലാ യാത്രകൾക്കും വള്ളംകൂടിയേ തീരൂ. റോഡുകളും പാലങ്ങളുമൊക്കെ വന്നതോടെ തുഴച്ചിലിന്റെ ജീവിതത്തിനു കുറെയൊക്കെ മാറ്റങ്ങളായി.
വിതയും കൊയ്ത്തും മെതിയും പോലെ ഏറെപ്പേരുടെ തൊഴിലായിരുന്നു കഴിഞ്ഞ തലമുറയിൽ വള്ളംകെട്ട്. മരപ്പലക വള്ളങ്ങളാക്കി മാറ്റുകയെന്ന വള്ളംകെട്ട് വിദഗ്ധ ജോലിയായിരുന്നു.
ഒരാൾക്ക് ഒതുങ്ങിയിരുന്നു തുഴയാവുന്ന കൊതുന്പുവള്ളം മുതൽ നാളികേരവും കയറ്റുന്ന വലിയ കേവുവള്ളങ്ങൾവരെ പണിതിറക്കിയിരുന്ന വളളംകെട്ടുകാർ ഓരോ എല്ലാ കരകളിലമുണ്ടായിരുന്നു.
വള്ളം പണിയാനും അറ്റകുറ്റപ്പണി തീർക്കാനും പ്രാഗത്ഭ്യമുള്ള വള്ളപ്പണിക്കാർക്ക് വലിയ പെരുമയായിരുന്നു. ഇക്കൂട്ടരുടെ കരുത്തും തഴക്കവുമായിരുന്നു കുട്ടനാടിനെ ചലിപ്പിച്ചിരുന്നത്.
ഏതു തരം വള്ളത്തിനും തനതായൊരു അഴകുണ്ട്. ഒട്ടേറെ സാമഗ്രികൾ കൃത്യതയോടെ കെട്ടിമുറുക്കിയാണ് വള്ളം രൂപപ്പെടുക. ഉലവും വളവും ഉയരുമൊക്കെ വേഗത്തെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. കളിവള്ളങ്ങളുടെ പലക ചേർക്കുന്നത് പിത്തളനിർമിതമായ കുറ്റിയും തറയും ഉപയോഗിച്ചാണെങ്കിൽ ഭാരം കയറ്റേണ്ട വള്ളങ്ങളും ചെറുവള്ളങ്ങളും കയറിനു കെട്ടിയാണ് പണിതിരുന്നത്. ഇവയെ പൊതുവായി കെട്ടുവള്ളങ്ങൾ എന്നാണ് വിളിച്ചിരുന്നത്.
വിനോദ സഞ്ചാര മേഖലയിൽ വ്യാപകമായ വഞ്ചിവീടുകൾ പോലും ആദ്യകാലങ്ങളിൽ കയർ കെട്ടിയാണ് നിർമ്മിച്ചിരുന്നത്.
ആഞ്ഞിലി, തേക്ക്, മാവ്, കന്പകം, പ്ലാവ് തടികൾ വള്ളങ്ങൾക്ക് ഉപയോഗിക്കുന്നു. ചെറുവള്ളങ്ങൾ പണിയാൻ രണ്ട് കെട്ടുകാരുടെ അധ്വാനം മതിയാകും. എന്നാൽ വലിയ വള്ളങ്ങൾ കെട്ടിക്കൂട്ടാൻ ഒരേസമയം ഇരു വശങ്ങളിലായി പലരുണ്ടാകും. പണിയിലെ വിദഗ്ധനായിരിക്കും അകം കെട്ടുകാരൻ. അകം കെട്ടുകാരനും പുറംകെട്ടുകാരനും ചേരുന്നതാണ് ഒരു ഈ നിർമിതിയിലെ ജോഡി.
അകം കെട്ടുന്ന ആശാനും പുറം കെട്ടുന്ന കൈയ്യാളും ചേർന്ന് കല്ലും കന്പും ഉളിയും കൊട്ടുവടിയുമൊക്കെ ഉപയോഗിച്ചാണ് ശാസ്ത്രീയമായ നിർമാണം. കെട്ടുകല്ല്, കെട്ടുകന്പി, കുടുതിക്കോൽ, കപ്പുതാങ്ങി, കൊട്ടുവടി തുടങ്ങി ഇക്കാലത്തിനു പരിചയമില്ലാത്ത സാമഗ്രികളാണ് വള്ളപ്പുരയിലുണ്ടാവുക.
നിർമാണരീതി
ഈർച്ചമില്ലുകളിൽ അളവനുസരിച്ച പലക കീറി പണിപ്പുരയിലെത്തിക്കും. വള്ളത്തിന്റെ ഓരോ ഭാഗത്തെ പലകയും വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുക. ഏരാവ്, കൊപ്പിരി, ഓട്, ഓട്ടടി, ഇടപ്പൂള്, തിരുവ തുടങ്ങി പല പേരുകൾ. ഇവ അതാതിടങ്ങളിൽ നിരത്തിക്കെട്ടി വില്ലും, വായ്ക്കോലും മണിക്കാലും പടികളും തലമരവും പിടിപ്പിച്ച് നീറ്റിലിറക്കും.
ചെറിയ വള്ളം പണിയാൻ ഒരാഴ്ച മതിയാകും. എന്നാൽ വലിയ വള്ളങ്ങൾ മാസങ്ങളുടെ അധ്വാത്തിലാണ് പൂർത്തിയാവുക. കായലോരങ്ങളിലെ പഴമക്കാരുടെ ഓർമയിൽ ഇപ്പോഴുമുണ്ട് വള്ളപ്പുരകളിൽ താളത്തിൽ മുഴങ്ങിയിരുന്ന കൊട്ടുവടിയുടേയും കെട്ടുകല്ലിന്റെയും ശബ്ദം. അതിരാവിലെ പണി തുടങ്ങി നേരം മയങ്ങും വരെ നീളുന്ന കഠിധ്വാനമായിരുന്നു വള്ളപ്പണി.
ഒന്നരയാൾ അഥവാ ഒൻപതടി ഉയരമുള്ള കേവ് വള്ളങ്ങൾ വരെ ഇത്തരത്തിൽ പലകകളിൽ കയർ കെട്ടിയാണ് പണിതിറക്കിയിരുന്നത്. കല്ലും മണ്ണും കാർഷികോപകരണങ്ങളും കാർഷിക വിഭവങ്ങളും കയറ്റിയിറക്കിയിറക്കാനാണ് കേവുവള്ളങ്ങൾ ഉപയോഗിച്ചിരുന്നത്. പണിക്കുറ്റമില്ലാത്ത വള്ളം കരുതലോടെ സൂക്ഷിച്ചാൽ നൂറാണ്ടായിരുന്നു ആയുസ്.
കെട്ടുവള്ളങ്ങൾ പല അളവുകളിലാണ് പണിതിരുന്നത്. യാത്രാ വള്ളങ്ങൾക്കു വേഗം കിട്ടാൻ കനംകുറഞ്ഞ പലക ഉപയോഗിക്കും. ഭാരവള്ളങ്ങൾ വലിയ പലകകളിൽ പണിയും. വള്ളങ്ങൾ കുട്ടനാട്ടിൽ പതിവ് അളവിലാണ് അറിയപ്പെടുക. കയറ്റാവുന്ന ഭാരത്തിന്റെ കണക്കാണ് പതിവ്. ഒരു പതിവ്, രണ്ട് പതിവ്, നാല് പതിവ്, പതിനാറ് പതിവ് എന്നിങ്ങനെ ഓരോ വള്ളവും വലിപ്പത്തിൽ വ്യത്യസ്തമായിരിക്കും. മോട്ടോർ വാഹനങ്ങൾക്കെന്നപോലെ വള്ളങ്ങൾക്കും ലൈസൻസ് വേണ്ടിയിരുന്ന കാലമുണ്ടായിരുന്നു.
നിർമാണരീതി
ഓലമേഞ്ഞ വള്ളപ്പുരയിൽ ഏരാവ് (വള്ളത്തിന്റെ നട്ടെല്ല്) പലകയാണ് ആദ്യം ക്രമപ്പെടുത്തുക. തുടർന്ന് കൊപ്പിരി പലക ചേർക്കും. പിന്നെ ഓട് പലക. വള്ളത്തിന്റെ വലുപ്പമനുസരിച്ച് പലകകളുടെ എണ്ണവും നീളവും കനവും വ്യത്യസ്തമായിരിക്കും. തലവശമാണ് ഏതു വള്ളത്തിന്റെ അഴക്. അതിനാൽ തലയിൽ പിത്തള കെട്ടും.
വള്ളത്തിന്റെ കോത് ഒതുക്കി ഗംഭീരമാക്കും. കൊപ്പിരിപ്പലകയും കോതും ഒതുക്കാൻ അതിൽ ചാണകം പുരട്ടി ചരലുനിരത്തി തൊണ്ടും ചിരട്ടയുമിട്ട് കത്തിച്ച് കാച്ചി വളച്ചെടുക്കും. കയറും തൊണ്ടുമാണ് വള്ളം കെട്ടുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്. പിണിക്കയർ നാലു വള്ളികളായി പിരിച്ചുകെട്ടും.
തൊണ്ട് തല്ലി ചകിരിയാക്കി അതിനു മുകളിൽ കയറുപാകിയാണ് പലകകൾ തമ്മിൽ ചേർത്തുകെട്ടുന്നത്. പലകകളിൽ ദ്വാരമിട്ട് കയർ വലിച്ചുമുറുക്കും. ഇതിനുശേഷം പലകയിലെ ദ്വാരങ്ങൾ അടയ്ക്കും. വള്ളം കെട്ടി ഒന്നിലേറെ തവണ അകംപുറം മീൻ നെയ് പുരട്ടി ഉണക്കിയാണ് നീറ്റിലിറക്കുക. ആണ്ടിൽ ഒന്നോ രണ്ടോ തവണ മതിയാകും അറ്റകുറ്റപ്പണികൾ.
വള്ളം കെട്ടുകാരുടെ ജീവിതം എന്നും തിരക്കേറിയതായിരുന്നു. ഒരു വള്ളപ്പുരയിൽ നിന്ന് മറ്റൊരിടത്തേക്ക് അവധിയില്ലാത്ത യാത്ര. വള്ളങ്ങളുടെ ഉപയോഗം ഇക്കാലത്ത് കുറഞ്ഞിരിക്കുന്നു. തടിവള്ളങ്ങൾക്കു പകരം ഇരുന്പ്, ഫൈബർ വള്ളങ്ങൾ വ്യാപകമാവുകയും ചെയ്തു. പെരുമയേറിയ ചുണ്ടൻവള്ളങ്ങൾ പണിതിരുന്നത് ഇത്തരത്തിലുള്ള വള്ളംകെട്ടുകാരായിരുന്നില്ല, മറിച്ച് പേരെടുത്ത ആശാരിമാരായിരുന്നു.
ആന്റണി ആറിൽചിറ
ചന്പക്കുളം