ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്ധമുണ്ടെങ്കിലും ഇന്നത്തെ പൊതു ബോധത്തില്‍ ഇറാന് ഉണര്‍ത്തുന്നത്, പുരോഹിതാധിപത്യത്തില്‍ ഞെരുങ്ങുന്ന ഒരു മതരാഷ്ട്രത്തിന്റെ ചിന്തകളാണ്; പ്രത്യേകിച്ചും 1979നുശേഷം. ഫത്വകളുടെയും സെന്‍സര്‍ഷിപ്പിന്റെയും കടുംപിടിത്തങ്ങള്ക്കിടയില് കലാവിഷ്കാരങ്ങള്‍ പ്രത്യേകിച്ച് സിനിമയുടെ അവസ്ഥ എന്തായിരിക്കും? ഓര്‍ക്കുക; ഇറാനിയന്‍ സിനിമയ്ക്ക് എറെക്കുറെ സിനിമാ ചരിത്രത്തോളം പഴക്കമുണ്ട്.
1960കളില്‍ യൂറോപ്യന്‍ സിനിമയുടെ സ്വാധീനത്തില്‍ അവിടെ ഒരു നവോത്ഥാനം തന്നെ നടന്നു. ഇന്നത്തെ വ്യവസ്ഥിതിയുമായി പൊരുത്തപ്പെടാത്ത പല ചലച്ചിത്രകാരന്മാരും നാടുവിട്ടു പോയെങ്കിലും പേരെടുത്തു പറയാന്‍ ഒരു പിടി പ്രതിഭകള്‍ ഇപ്പോഴും അവിടെയുണ്ട്. അന്താരാഷ്ട്ര ബഹുമതികള്‍ നേടിയ അസ്ഗര്‍ ഫര്‍ഹാദി, മോഹ് സെന്‍ മഖ്മല്സാഫ് തുടങ്ങി അബ്ബായ് കിയ റോസ്താമി, ജാഫര്‍ പനാഗി, ബാഹ്മാന്‍ ഗോബാദി, വനിതാ സംവിധായിക രഖഷ്ഹോന് ബനിയത് മജീദ് മജീദി എന്നിവര്‍ എടുത്തു പറയപ്പെടേണ്ട പേരുകളാണ്.
ലോകസിനിമയില്‍ കുട്ടികളുടെ ചലച്ചിത്രം എന്ന നിലയില്‍ ഏറ്റവും മികച്ച സൃഷ്ടി എന്നു വാഴ്ത്തപ്പെടുന്നതാണ് മജീദിയുടെ ’സ്വര്‍ഗത്തിന്റെ കുഞ്ഞുങ്ങള്‍’. ഡിസികയെയും സത്യജിത് റേയെയും ഓര്‍മിപ്പിക്കുന്ന നിയോറിയലിസ്റ്റു ശൈലിയില്‍ തയാറാ ക്കപ്പെട്ടിട്ടുള്ള ഈ ചിത്രം അയത്ന ലളിതവും ആര്ദ്രഭാവങ്ങളുണര്ത്തുന്നതുമായ ദൃശ്യകാവ്യമാണ്.
ടെഹ്റാനിലെ ഒരു ദരിദ്ര തൊഴിലാളി കുടുംബത്തിലെ കുട്ടികളാണ് അലിയും സാറായും. ഒരു ദിവസം സാറായുടെ സ്കൂള്‍ ഷൂസ് നന്നാക്കി മടങ്ങുന്ന വഴിയില്‍ പലചരക്കു വാങ്ങാന്‍ കയറിയ കടയില്‍വച്ച് ഒരാള്‍ ഈ ഷൂസ് അറിയാതെ എടുത്തു കൊണ്ടുപോയി. കടയിലെ ചാക്കുകള്‍ക്കിടയില്‍ അതു തെരഞ്ഞ് ആകെ അലങ്കോലമാക്കിയതിന് കടക്കാരന് അലിയെ ആട്ടിയോടിച്ചു.
വീട്ടുവാടകയും കടയിലെ കടവും വീട്ടാനാകാതെ നട്ടംതിരിയുന്ന അവരുടെ അച്ഛനില്‍നിന്ന് കുട്ടികള്‍ ഈ നഷ്ടം മറച്ചുവച്ചു. സാറയെ സാന്ത്വനിപ്പിക്കാന്‍ അലി ഒരു മാര്‍ഗം കണ്ടെത്തി. സാറ രാവിലെയാണ് സ്കൂളില്‍ പോകുന്നത്. അലിയുടെ ക്ലാസുകള്‍ ഉച്ചതിരിഞ്ഞാണ്. അവളുടെ കാലുകള്‍ക്കു വലുതാണെങ്കിലും ഉച്ചവരെ അത് അവള് അണിഞ്ഞു. ഉച്ചകഴിഞ്ഞ് വഴിയില്‍വച്ച് തന്റെ ഷൂസ് അലി തിരികെ വാങ്ങി ധരിച്ചുകൊണ്ട് സ്കൂളില്‍ പോകും.
പഠനസാമര്ഥ്യത്തിന് തനിക്കു സമ്മാനം കിട്ടിയ പുതിയ പേനയും അലി പെങ്ങള്‍ക്കു കൊടുത്തു. എന്നാല്‍ അവന് സ്കൂളില്‍ കൃത്യസമയത്ത് ഓടിയെത്താന്‍ പലപ്പോഴും കഴിയുന്നില്ല. തുടര്‍ച്ചയായി വൈകി വന്നതിന് അച്ഛനെ കൂട്ടിക്കൊണ്ടുവരാന്‍ പ്രിന്‍സിപ്പാൾ കല്പിച്ചപ്പോള് അവന്റെ കരച്ചില് കണ്ട് ക്ലാസ് ടീച്ചര്‍ അലിയെ രക്ഷിച്ചു. സഹപാഠിയായ റോസ എന്ന കുട്ടി തന്റെ നഷ്ടപ്പെട്ട ഷൂസുമായി സ്കൂളില്‍ വന്നത് ശ്രദ്ധിച്ച സാറ അതു തിരികെ പിടിക്കാന്‍ ജ്യേഷ്ഠനുമായി റോസയെ നേരിടാന്‍ ചെന്നപ്പോള്‍, റോസയുടെ അന്ധനായ പിതാവിന്റെ അവസ്ഥ കണ്ട് മനസലിഞ്ഞു പിന്‍വാങ്ങി. നന്നായി പഠിക്കുന്ന റോസയ്ക്കു പിന്നീട് അവളുടെ പിതാവ് പുതിയ പാദുകങ്ങള്‍ വാങ്ങിക്കൊടുത്തപ്പോള്‍ അവള് കളഞ്ഞുകിട്ടിയ ഷൂസ് ഉപേക്ഷിച്ചുകളഞ്ഞു.
പുതിയ വരുമാനമാര്‍ഗം തേടി അലയുന്ന സ്വന്തം പിതാവിന് ഒരിടത്തും രക്ഷയില്ലാതെ വന്നപ്പോള്‍ അലി തന്റെ സാമര്‍ഥ്യം കൊണ്ട് ഒരു പ്രഭുവിന്റെ തോട്ടക്കാരനായി ജോലി നേടിക്കൊടുത്തു. സമ്പന്നനായ ആ മനുഷ്യന്റെ പേരക്കുട്ടിയുമായുള്ള ചങ്ങാത്തം അലിക്കും പിതാവിനും ഗുണം ചെയ്തു. കിട്ടിയ പ്രതിഫലവുമായി സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ അലി പറഞ്ഞതനുസരിച്ച് സാറായ്ക്ക് പുതിയ ഒരു ജോഡി ഷൂസ് വാങ്ങാനുറച്ചുവെങ്കിലും വഴിയിലുണ്ടായ അപകടത്തില്‍ സൈക്കിള്‍ തകരുകയം പിതാവിന് പരിക്കു പറ്റുകയും ചെയ്തതിനാല്‍ കാര്യം നടന്നില്ല.
ഒരു ദിവസം വീട്ടിലേക്കു മടങ്ങുമ്പോള്‍ സാറായുടെ അയഞ്ഞ ഷൂ ഓടയിലെ ഒഴുക്കുവെള്ളത്തില്‍ വീണ് നഷ്ടമായി. അതിന്റെ പിറകേ ഓടി വലഞ്ഞ കുട്ടിക്ക് രണ്ട് അപരിചിതര്‍ ഷൂ കണ്ടെടുത്തു കൊടുത്ത് സാന്ത്വനിപ്പിച്ചു വിട്ടു.
കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭയത്തില്‍ കഴിയുമ്പോള്‍ പുതിയ പ്രതീക്ഷയായി അലിക്ക് ഒരു ജോഡി ഷൂസ് സ്വന്തമാക്കാനൊരവസരം കിട്ടി. പട്ടണത്തിലെ പ്രധാനപ്പെട്ട സ്കൂള്‍ മാരത്തണ്‍ നടക്കാന്‍ പോകുകയാണ്. അതില്‍ മൂന്നാം സമ്മാനം ഒരു ജോഡി ഷൂസാണ്. നല്ല ഓട്ടക്കാരനായ അലിയും മത്സരത്തിനിറങ്ങി. ഒന്നും രണ്ടും സ്ഥാനങ്ങളൊഴിവാക്കി മൂന്നാം സ്ഥാനം പിടിക്കാനായി അവന് സൂക്ഷിച്ചാണ് ഓടിയത്.
എന്നാല്‍ അവസാന ഭാഗത്തു സംഭവിച്ച ഒരപകടം മൂലം അലി ഒന്നാം സ്ഥാനത്തെത്തി. മനസിടിഞ്ഞ അവന് സങ്കടത്തോടെ തന്റെ പരിക്കു പറ്റിയ കാലുമായി പെങ്ങളെ കാണാന്‍ ചെല്ലുകയാണ്. മുഴുവന്‍ കാര്യങ്ങളും കേള്‍ക്കും മുന്‍പേ അവരുടെ അമ്മയുടെ വിളികേട്ട് സാറ വീട്ടിലേക്കു പോയി. അലിയുടെ സങ്കടത്തിനു നിവൃത്തിയുണ്ടായി എന്ന സൂചനകളോടെയാണ് ചിത്രം സമാപിക്കുന്നത്.
കുട്ടികളുടെ കണ്ണിലൂടെ ലോകത്തെ കാണുകയാണ് മജീദി. ധര്‍മബോധത്തിലും ആധ്യാത്മികാവസ്ഥയിലും മുതിര്‍ന്നവരേക്കാള്‍ മുന്നിലല്ലേ കുഞ്ഞുങ്ങള്‍ എന്ന തോന്നലുണര്ത്തുന്നു ഈ കുട്ടികള്‍. "നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍; ദൈവരാജ്യം അവരേപ്പോലെ ഉള്ളവരുടേതാകുന്നു’ എന്ന സൂചനയാണ് ടൈറ്റിലില്‍.
ജിജി ജോസഫ് കൂട്ടുമ്മേൽ